p-a-muhammaed-riyas

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം

തിരുവനന്തപുരം:ടൂറിസം വകുപ്പിൽ മുൻ വർഷങ്ങളിൽ ഭരണാനുമതി നൽകി തുക അനുവദിച്ച പദ്ധതികളിൽ പൂർത്തിയാക്കാത്തവയുടെ പണം തിരിച്ചുപിടിക്കും. 250 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്.

പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. മുൻ സർക്കാരുകൾ അനുമതി നൽകിയ പദ്ധതികളുടെ വിഹിതമാണ് തിരിച്ചടയ്‌ക്കുന്നത്. മരാമത്ത് വകുപ്പ് പോലെ ടൂറിസം വകുപ്പിന്റെയും പ്രവർത്തനങ്ങൾ സുതാര്യമാക്കാനാണ് നടപടി.

വർക്കലയിൽ പാർക്കിംഗ്,​ ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കാൻ 2003ൽ അനുമതി നൽകിയ അരക്കോടിയുടെ പദ്ധതി മുതൽ വൈക്കത്ത് മോട്ടൽ ആരാം മെച്ചപ്പെടുത്താൻ 2021ൽ അനുമതി നൽകിയ 40 ലക്ഷത്തിന്റെ പദ്ധതി വരെ 63 പദ്ധതികളുടെ വിഹിതമാണ് ഉടൻ തിരിച്ചടയ്ക്കാൻ നിർദ്ദേശിച്ചത്. ഈ പദ്ധതികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ എല്ലാ ടൂറിസം ഓഫീസുകളിലും തുക കൈപ്പറ്റിയശേഷം പൂർത്തിയാക്കാത്ത പദ്ധതികളുടെ പട്ടിക തയ്യാറാക്കാനും തുക തിരിച്ചുപിടിക്കാനും നിർദ്ദേശം നൽകിക്കഴിഞ്ഞു.

63 പദ്ധതികളിൽ പലതിലും ആദ്യഗഡു കരാറുകാർക്ക് നൽകിയിട്ടുണ്ട്. ടൂറിസം വകുപ്പ് നേരിട്ടും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ മുഖേനയുമാണ് പദ്ധതികൾ നടപ്പാക്കുക.നനടപ്പാക്കാത്ത പദ്ധതികളുടെ തുക തിരിച്ചുപിടിക്കാൻ മുമ്പും നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പാലിച്ചിട്ടില്ല. ഭരണാനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം പൂർത്തിയാക്കണമെന്നാണ് നിയമം.

തിരുവനന്തപുരത്തെ പട്ടികയും തുകയും

1.കോവളം ആവാട് തുറ - ഗ്രീൻ വില്ലഹൗസ് വരെ താങ്ങ് ഭിത്തി നിർമ്മാണം- 1.91 കോടി

2.അരുവിക്കര ടൂറിസം പദ്ധതി- 1.70 കോടി

3.കഴക്കൂട്ടം - കുളങ്ങര പിൽഗ്രിം ഹെറിറ്റേജ് പദ്ധതി- 4.95 കോടി

4.വേളി ടൂറിസം വില്ലേജ് ചുറ്റുമതിൽ-6.22 ലക്ഷം

5.വർക്കല പാപനാശം- ഹെലിപാ‌ഡ് നടപ്പാത- 26 ലക്ഷം

പദ്ധതി വിഹിതം സമയബന്ധിതമായി വിനിയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രയോജനം ലഭ്യമാക്കുകയാണ് ഉദ്ദേശം. ജനങ്ങളുടെ നികുതിപ്പണം ദുർവ്യയം ചെയ്യാൻ അനുവദിക്കില്ല.

- മന്ത്രി .പി.എ മുഹമ്മദ് റിയാസ്.