1

വിഴിഞ്ഞം: വികസനത്തിന് തുരങ്കംവയ്‌ക്കുന്നത് മതപുരോഹിതർ നിറുത്തണമെന്ന് ജനകീയകൂട്ടായ്‌മ ആവശ്യപ്പെട്ടു. രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തെ സമരത്തിനെതിരെ ഇന്നലെ നടന്ന ബഹുജന കൂട്ടായ്‌മ ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു.

തുറമുഖത്തിന്റെ ഗുണഭോക്താക്കളായ വിഴിഞ്ഞം, കോട്ടുകാൽ, വെങ്ങാനൂർ വില്ലേജുകളിലെ സാമുദായിക - രാഷ്ട്രീയ - സാംസ്കാരിക സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് ബഹുജന കൺവെൻഷൻ നടത്തിയത്. ആയിരത്തോളം വരുന്ന ചിപ്പി, കക്ക തൊഴിലാളികളും കർഷകരും തുറമുഖത്തിനുവേണ്ടി ജോലി ഉപേക്ഷിച്ചവരാണ്. ഒരു പാക്കേജും ലഭിച്ചിട്ടില്ല എന്നിട്ടും നാട്ടുകാർ പ്രതിഷേധിച്ചിട്ടില്ല. തുറമുഖത്തിനുവേണ്ടി വീടെടുത്തവർക്ക് അഞ്ചുസെന്റ് ഭൂമി സർക്കാർ നൽകിയിട്ടുണ്ട്.

965 മത്സ്യത്തൊഴിലാളികൾക്ക് 5.6 ലക്ഷം നഷ്ടപരിഹാരം നൽകിയപ്പോൾ 72 ചിപ്പി തൊഴിലാളികൾക്കും കൂടി 12.5 ലക്ഷം രൂപ മാത്രമാണ് നൽകിയത്. മുല്ലൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. മോഹൻ കുമാർ, ചേമ്പർ ഒഫ് കൊമേഴ്സ് അംഗം ഡി. സുനിൽകുമാർ, കൗൺസിലർ സി. ഓമന, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് തോട്ടം കാർത്തികേയൻ, എൻ.എസ്.എസ് പ്രതിനിധി മോഹനചന്ദ്രൻ നായർ, വേണുഗോപാൽ, വിൽഫ്രഡ്, പ്രശാന്ത്, ചന്ദ്രസേനൻ, കൊണ്ണിയൂർ സനൽ, സുധി മംഗലത്തുകോണം, പനത്തുറ ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു. ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സമരം നടക്കുന്ന തുറമുഖ കവാടത്തിലേക്ക് ഇന്നലെ രാത്രി പ്രതിഷേധ മാർച്ച് നടത്തി.