 പൊലീസ് കസ്റ്റഡിയിലെടുത്ത ഏഴ് പ്രവർത്തകരെ വിട്ടയച്ചു


തിരുവനന്തപുരം: നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന ജാഥയിൽ സംഘർഷം. ഇന്നലെ വൈകിട്ട് നാലരയോടെ വഞ്ചിയൂർ ആലുംമൂട് ജംഗ്ഷനിൽ നടന്ന സ്വീകരണത്തിനിടെയാണ് സി.ഐ.ടി.യു - എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

ജാഥയ്‌ക്ക് സ്വീകരണം നൽകുന്നതിനിടെ റോഡ് ശരിയാക്കണമെന്നാവശ്യപ്പട്ട് ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം സെന്ററിലെ വിദ്യാർത്ഥികളായ എ.ബി.വി.പി പ്രവർത്തകർ കൗൺസിലർ ഗായത്രി ബാബുവിന് മുന്നിൽ പരാതിയുമായെത്തി. തുടർന്ന് സി.ഐ.ടി.യു പ്രവർത്തകരെത്തി വിദ്യാർത്ഥികളുമായുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തുകയായിരുന്നു. എ.ബി.വി.പി പ്രവർത്തകരായ സതീർത്ഥ്യൻ, അനന്തു, ആകാശ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിനിടെ സമീപത്തെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി. കെട്ടിടത്തിന്റെ ഗേറ്റും ജനൽച്ചില്ലുകളും അടിച്ചുതകർത്തു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഏഴ് പ്രവർത്തകരെ പിന്നീട് വിട്ടയച്ചു. സംഭവമറിഞ്ഞ് ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയത് സംഘർഷാവസ്ഥയുണ്ടാക്കി. ഇരുവിഭാഗത്തിന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുത്തു.