തിരുവനന്തപുരം: ഗണേശോത്സവത്തിന് തുടക്കംകുറിച്ച് ഇന്ന് നഗരത്തിൽ വിളംബരയാത്ര നടത്തും. ഗണേശോത്സവത്തിനായുള്ള ഗണേശവിഗ്രഹങ്ങൾ പ്രതിഷ്ഠയ്ക്കായി ഏറ്റുവാങ്ങി പ്രതിഷ്ഠാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന ചടങ്ങാണ് വിളംബര യാത്ര. ഉച്ചയ്ക്ക് 12ന് അംബുജവിലാസം റോഡിലെ പ്രധാന വിഗ്രഹ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് ഭക്തർ വിഗ്രഹങ്ങൾ ഏറ്റുവാങ്ങും. ട്രസ്റ്റ് ചെയർമാൻ ഡോ. ജി. മാധവൻ നായർ, മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, കൺവീനർ ആർ. ഗോപിനാഥൻ നായർ, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ എസ്.എൻ. രഘുചന്ദ്രൻ നായർ, ജോൺസൺ ജോസഫ്, ദിനേശ് പണിക്കർ, ഡോ. അശോകൻ, ചൂഴാൽ നിർമ്മലൻ, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ, മണക്കാട് രാമചന്ദ്രൻ, സലിം മാറ്റപ്പള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും. ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്മിവിനായകൻ, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോദരൻ തുടങ്ങി എട്ട് അവതാരരൂപത്തിലുമുള്ള ഗണേശവിഗ്രഹങ്ങളാണ് പൂജ ചെയ്യുന്നത്. നാളെ ജില്ലയിലെ 1208 കേന്ദ്രങ്ങളിൽ പ്രതിഷ്ഠാകർമ്മങ്ങൾ പൂർത്തിയാകുന്നതോടെ 9 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് തുടക്കമാകും.