pra

കിളിമാനൂർ: നഗരൂർ കല്ലിംഗൽ വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ച സംഭവത്തിലെ പ്രതികളായ രണ്ടുപേരുമായി പൊലീസ് തെളിവെടുപ്പു നടത്തി. അപകടത്തിന് ഇരയാക്കിയ കാർ ഉടമ കൂടിയായ കുടവൂർ ഞാറയിൽകോണം കരിമ്പുവിള, ജെ.ബി മൻസിലിൽ ജാഫർഖാൻ(42), സഹയാത്രികൻ മടവൂർ ഞാറയിൽകോണം ഷിറാസ് മൻസിലിൽ ഷിറാസ് (32) എന്നിവരെയാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.ബിനുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.

കഴി‌ഞ്ഞ ശനിയാഴ്ച രാത്രി 8.30ഓടെയാണ് ന​ഗരൂർ കല്ലിം​ഗൽ വളവിൽ അപകടമുണ്ടായത്. ന​ഗരൂർ മുണ്ടയിൽകോണം കരിക്കകത്തുവീട്ടിൽ സുനിൽകുമാർ (പ്രദീപ് 49) മക്കളായ ശ്രീഹരി (15) ശ്രീദേവ് (5) എന്നിവരുമായി ബൈക്കിൽ ന​ഗരൂരിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ കല്ലിം​ഗൽ വളവിൽ വെച്ച് അമിത വേ​ഗത്തിലെത്തിയ ഫോർച്യൂണർ കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ദിശതെറ്റി അമിത വേ​ഗതയിൽ പാഞ്ഞുവരുന്നത് കണ്ട സുനിൽകുമാർ ബൈക്ക് റോഡിന്റെ ബാരിയറിനോട് ചേർത്ത് നിറുത്തിയെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെടാനായില്ല. സുനിൽകുമാറും, ഇളയമകൻ ശ്രീദേവും തത്ക്ഷണം മരിച്ചു. ​ഗുരുതര പരിക്കേറ്റ ശ്രീഹരി മെഡിക്കൽകോളേജ് ഐ.സി.യുവിൽ ചികിത്സയിലാണ്. ഷിറാസ് ആണ് വാഹനമോടിച്ചതെന്ന് പ്രതികൾ ആദ്യം മൊഴി നല്കിയെങ്കിലും സി.സി.ടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളിലൂടെയും വാഹന ഉടമയായ ജാഫർഖാൻ തന്നെയാണ് വാഹനമോടിച്ചതെന്ന് തെളിഞ്ഞു. ഇരുവരും മദ്യപിച്ചിരുന്നതായും അന്വേഷണ സംഘം അറിയിച്ചു.