കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവ ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായക ചതുർത്ഥിദിന ആഘോഷങ്ങൾ 31ന് നടക്കും. 1008 നാളികേരത്തിന്റെ പ്രത്യക്ഷ മഹാഗണപതി ഹോമവും മൂടപ്പ സേവയും നവകലശാഭിഷേകവുമുണ്ടാകും. ക്ഷേത്രതന്ത്രി സുനിൽ മാളിയേക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി സഞ്ജിത്ത് ദയാനന്ദനും പത്തോളം പൂജാരിമാരും ചേർന്നാണ് പ്രത്യക്ഷ മഹാഗണപതി ഹോമചടങ്ങുകളും പൂജാകർമ്മങ്ങളും നടത്തുന്നത്.

31ന് രാവിലെ 4 ന് പള്ളിയുണർത്തലിന് ശേഷം മഹാഗണപതി ഹോമത്തിന് തുടക്കമാകും. 6ന് മൂടപ്പസേവ. തുടർന്ന് പുഷ്പാഭിഷേകം. 6.30 മുതൽ സഹസ്രനാമ സമൂഹാർച്ചന. 9ന് ഹോമസമാപ്‌തി. 9.30 മുതൽ കലശാഭിഷേകം, 11.30ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 6.45ന് ദീപാരാധന. വിനായക ചതുർത്ഥി ദിനത്തിൽ കുളത്തൂർ തൈവിളാകത്ത് വീട്ടിൽ പരേതയായ ഇന്ദിരയുടെ ഓർമ്മയ്ക്കായി ഭർത്താവ് കെ.ജി.രാമയ്യനും കുടുംബവും നടത്തുന്ന കാപ്പിസദ്യയും ഉണ്ടാകും.

മഹാഗണപതി ഹോമത്തിൽ പങ്കെടുക്കുന്നവർ 100 രൂപയും ഒരു നാളികേരവും അടച്ച് രസീത് കൈപ്പറ്റണമെന്നും സഹസ്രനാമാർച്ചനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ക്ഷേത്രസമാജം പ്രസിഡന്റ് ജി. ശിവദാസനും സെക്രട്ടറി എസ്. സതീഷ് ബാബുവും അറിയിച്ചു.