തിരുവനന്തപുരം: അട്ടക്കുളങ്ങര മുസ്ലിം പള്ളിയിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഫോർട്ട് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം നൽകിയ യുവാവിനെ പൊലീസ് പിടികൂടി. കിള്ളിപ്പാലം സ്വദേശി ആഷിഷ് തുളസീധരനാണ് (27) പിടിയിലായത്. കഴിഞ്ഞമാസം 27നായിരുന്നു സംഭവം. സംഭവം അറിഞ്ഞ ഉടൻ പൊലീസെത്തി പള്ളിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ സന്ദേശം വ്യാജമായിരുന്നെന്നും ആഷിഷ് തുളസീധരനാണ് വിളിച്ചതെന്നും മനസിലായത്. തുടർന്ന് ആഷിഷിനെ അറസ്റ്റുചെയ്യാൻ തീരുമാനിച്ചെങ്കിലും ഇയാൾ കോടതിയെ സമീപിച്ചു. കോടതി ഉത്തരവോടെ ഇന്നലെ അറസ്റ്റുചെയ്‌ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.