
വിതുര: വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് അറിയിച്ചു. ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോഴും ബഹുദൂരം മുന്നിലാണെന്നും,എൽഡി.എഫ് സർക്കാർ ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും,മരുന്ന് ക്ഷാമത്തിന് പരിഹാരം കണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിതുര ആശുപത്രിയുടെ ശോച്യാവസ്ഥയും,മരുന്നുക്ഷാമവും ചൂണ്ടിക്കാട്ടി നേരത്തേ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ നിയമസഭയിൽ സബ്മിഷനും ഉന്നയിച്ചു.ഇതിനെ തുടർന്നാണ് ഇന്നലെ വീണാജോർജ് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുകയും,പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തത്. ആശുപത്രിയിൽ നേരിടുന്ന പ്രശ്നങ്ങൾ ബോദ്ധ്യപ്പെട്ടുവെന്നും,ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തുറക്കാൻ നടപടികൾ സ്വീകരിക്കുമെന്നും, മരുന്ന് ക്ഷാമം പരിഹരിക്കുമെന്നും,പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജി. സ്റ്റീഫൻ എം.എൽ.എയും,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും,ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.