കുറ്റിച്ചൽ: തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടൂർ കാപ്പുകാട് ആന പാർക്കിൽ വെള്ളംകിട്ടാതായിട്ട് 10 ദിവസം. പ്രവേശന കവാടത്തിലെ പ്രധാന കെട്ടിടത്തിലും തൊട്ടുമുകളിലുള്ള കുട്ടി ആനകളെ പരിപാലിക്കുന്ന കെട്ടിടത്തിലുമാണ് വെള്ളം ഇല്ലാതായത്. ദിവസേന നൂറിലധികം സന്ദർശകരാണ് ആന പാർക്ക് കാണാൻ എത്തുന്നത്. ടൂറിസ്റ്റുകളും കെ.എസ്.ആർ.ടി.സി ജീവനക്കാരും ഇത് കാരണം ബുദ്ധിട്ടുകയാണ്. വാട്ടർ പമ്പ് തകരാറിലായതാണ് വെള്ളം ലഭിക്കാത്തതിന് കാരണമായി ഫോറസ്റ്റ് അധികൃതർ പറയുന്നത്. 18 ആനകളുള്ള കാപ്പുകാട് 7 കുട്ടിയാനകളും ഉണ്ട്. കുട്ടി ആനകളെ പരിപാലിക്കുന്ന ആനപ്പാപ്പാൻ ബിജു കുട്ടി ആനയ്ക്ക് ആഹാരം തയാറാക്കുന്നതിനും, പാല് കുറുക്കി കൊടുക്കുന്നതിനും തൊട്ടടുത്ത സ്വകാര്യവ്യക്തിയുടെ കിണറിൽ നിന്നും ശുദ്ധജലം തലച്ചുമടായി ശേഖരിച്ചാണ് എത്തിക്കുന്നത്. 10 ദിവസം ആയിട്ടും വാട്ടർ പമ്പ് കേടായത് പരിഹരിക്കുന്നതിന് പുതിയ പമ്പ് വാങ്ങി സ്ഥാപിക്കുന്നതിനും നടപടിയായിട്ടില്ലെന്നാണ് ആക്ഷേപം. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.