1

വിഴിഞ്ഞം: കോവളം ആവാടുതുറ ഭാഗത്ത് തിരയിൽപ്പെട്ട് രണ്ടുവള്ളം മറിഞ്ഞ് അപകടം. മറിഞ്ഞ വള്ളമിടിച്ച് കരുംകുളി സ്വദേശി സ്റ്റീഫന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 5ഓടെയായിരുന്നു സംഭവം. കരുംകുളം സ്വദേശികളായ കാർലോസ്, വിൻസെന്റ്, ക്ലീറ്റസ്, സഹായരാജ്, അനീഷ്, നിധീഷ്, ലവലന്റ്, ആൽബി, മൈക്കിൾ, നോബർട്ട് എന്നീ 10 മത്സ്യത്തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കില്ല. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റീഫൻ, മൈക്കിൾ, ആൽബി എന്നിവർ മറിഞ്ഞ വള്ളത്തിൽ പിടിച്ചാണ് കരയ്ക്കെത്തിയത്. മറ്റുള്ളവരെ പുല്ലുവിള സ്വദേശികളുടെ മറ്റൊരു വള്ളത്തിലുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു. മത്സ്യവും വലയും അപകടത്തിൽ നഷ്ടപ്പെട്ടെന്ന് തൊഴിലാളികൾ പറഞ്ഞു. എൻജിനുകൾക്കും കേടുപാടുണ്ട്. മീൻപിടിച്ച് മടങ്ങുന്നതിനിടെയാണ് തിരയിൽപ്പെട്ട് വള്ളങ്ങൾ മറിഞ്ഞതെന്ന് ഇവർ വ്യക്തമാക്കി.