bill

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടില്ലാത്തവർക്കും തൊട്ടടുത്ത ബാങ്കിലെത്തി കൺസ്യൂമർ നമ്പർ നൽകി വൈദ്യുതി ബില്ലടയ്‌ക്കാം.

കെ.എസ്.ഇ.ബി ഓഫീസ്, അക്ഷയ സെന്റർ, ഓൺലൈൻ സംവിധാനങ്ങൾക്ക് പുറമേയാണ് കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പറാക്കി ബില്ലടയ്‌ക്കാവുന്ന സംവിധാനം ഇന്നലെ നിലവിൽ വന്നത്. ഉപഭോക്താവ് ബാങ്കിലെത്തി നിശ്ചിതഫോം പൂരിപ്പിച്ച് ബിൽ തുക നൽകിയാൽ മതി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയാത്തവർക്കും ബാങ്കുകളിൽ ബില്ലട‌യ്ക്കാമെന്നതാണ് പ്രത്യേകത. സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്നാണ് കെ.എസ്.ഇ.ബി സംവിധാനം ഒരുക്കിയത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ : വെർച്വൽ അക്കൗണ്ട് നമ്പർ (കെ.എസ്.ഇ.ബി.13 അക്ക കൺസ്യൂമർ നമ്പർ), ഗുണഭോക്താവിന്റെ പേര്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, ബാങ്കും ശാഖയും: സൗത്ത് ഇന്ത്യൻ ബാങ്ക് ട്രിവാൻഡ്രം കോർപറേറ്റ്, IFSC കോഡ് : SIBL 0000721.

നെറ്റ് ബാങ്കിംഗിനുള്ള നിലവിലെ സംവിധാനമായ നെഫ്റ്റ്, ആർ.ജി.ടി.എസ് വഴിയും ബില്ലടയ്‌ക്കാം.

കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലേക്ക് ബിൽ തുക എത്തിയാലുടൻ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പരിൽ എസ്.എം.എസ് സന്ദേശമെത്തും.