azade

കഴക്കൂട്ടം: പെരുമാതുറയിൽ അമിത വേഗതയിലെത്തിയ ഇരുചക്ര വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പെരുമാതുറ കൊട്ടാരം തുരുത്ത് ഷബാന മൻസിലിൽ ആസാദ് (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9ഓടെ കൊട്ടാരം തുരുത്ത് മുസ്‌ലിം ജമാഅത്ത് പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകവേ അമിത വേഗതയിലെത്തിയ ഷബിൻ എന്ന യുവാവ് ഓടിച്ച ബൈക്ക് ആസാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരപരിക്കേറ്റ ആസാദിനെ നാട്ടുകാർ ആദ്യം ചിറയിൻകീഴ് താലുക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുറം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 12ഓടെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഷബിൻ പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് സ്വർണം തട്ടിയെടുത്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്നതിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. മരിച്ച ആസാദ് കൊട്ടാരംതുരുത്ത് ജുമാ മസ്ജിദിലെ ജീവനക്കാരനാണ്. ഷാനിഫയാണ് ഭാര്യ. മക്കൾ: ജവാദ്, അൻവർ, ഷബാന മരുമക്കൾ: റിസ്വാന, അസിം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 6ഓടെ പെരുമാതുറ വലിയ പള്ളി മുസ്ലിം ജമാഅത്തിൽ കബറടക്കി.