ravindran

തിരുവനന്തപുരം: തിരുവനന്തപുരം,​ കോട്ടയം മെഡിക്കൽ കോളേജുകളിൽ മെഡിസിൻ പ്രൊഫസറായിരുന്ന ഡോ. എം. രവീന്ദ്രൻ (88) നിര്യാതനായി. തിരു. മെഡിക്കൽ കോളേജിൽനിന്നും ആദ്യ ബാച്ചിൽ പഠിച്ച് ഉന്നത നിലയിൽ എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽത്തന്നെ മെഡിസിൻ വിഭാഗത്തിൽ സർവീസിൽ പ്രവേശിച്ചു. 1962ൽ ഉപരിപഠനത്തിന് യു.കെയിൽ പോവുകയും 1964ൽ ലണ്ടൻ, എഡിൻ ബറോ യൂണിവേഴ്സിറ്റികളിൽ നിന്നും എം.ആർ.സി.പി ബിരുദങ്ങളും നേടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കുമ്പോൾ യു.എസ്.എയിലേക്ക് കുടുംബ സമേതം പോകുകയും പത്തുവർഷം അവിടെ വിവിധ യൂണിവേഴ്സിറ്റികളിലും മറ്റു പ്രസിദ്ധ ആശുപത്രികളിലും സേവനം നടത്തിയശേഷം തിരികെയെത്തി. തിരുവനന്തപുരം ശ്രീചിത്രാ സെന്ററിന്റെ ആദ്യകാലത്ത് രണ്ടുവർഷത്തോളം പ്രവർത്തിച്ചു. മെഡിസിൻ പ്രൊഫസറായി കോട്ടയം മെഡിക്കൽ കോളേജിൽ നിയമിതനായ അദ്ദേഹം ഡയറക്ടർ ഒഫ് മെഡിസിൻ ആയി 1989 ൽ വിരമിച്ചു. പ്രശസ്തനായ ഒരു ന്യൂറോഫിസിഷ്യൻ ആയിരുന്നു. വിരമിച്ചശേഷം കുവൈറ്റ് മെഡിക്കൽ കോളേജിൽ 15 വർഷവും എറണാകുളം കോ ഒാപ്പറേറ്റീവ് മെഡിക്കൽ കോളേജിൽ മൂന്നു വർഷവും സേവനം നടത്തി.

പ്രസിദ്ധമായ മുട്ടം ആലുംമൂട്ടിൽ തറവാട്ടിലെ അംഗമാണ് അദ്ദേഹം. ഭാര്യ: ഗീതാ രവീന്ദ്രൻ. മക്കൾ: ഡോ. മനോജും ഡോ. ആനന്ദും യു.എസ്.എയിൽ സേവനം അനുഷ്ഠിക്കുന്നു. സഹോദരന്മാർ: ഡോ. എം. ശിവദാസ് (എൻജി. യു.എസ്.എ), എം. ഉദയഭാനു, എം. രാധാകൃഷ്ണൻ, എം. രമേശ് ചന്ദ്രൻ. അച്ഛൻ: പരേതനായ ടി.കെ. മാധവപ്പണിക്കർ. അമ്മ: പരേതയായ എ.പി. ചെല്ലമ്മ ചാന്ദാട്ടി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആലുംമൂട്ടിൽ തറവാട്ടിൽ.