
തിരുവനന്തപുരം: നോർക്ക റൂട്സിന്റെ സീലും രേഖയും വ്യാജമായി നിർമ്മിച്ച കേസിൽ അഭിഭാഷകരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി ബിജു,ആനയറ സ്വദേശി ജഹാംഗീർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയതെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നാണ് സൂചന. കൊല്ലം സ്വദേശി പ്രദീപിനാണ് വ്യാജ രേഖ ചമച്ചു നൽകിയത്. പ്രദീപിന് വിദേശത്തേക്ക് പോകാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും നോർക്ക അറ്റസ്റ്റേഷനും സീലും നിർമിച്ചു നൽകിയെന്നാണ് കേസ്. വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാക്കി.
പ്രദീപ് സമർപ്പിച്ച രേഖകൾ വ്യാജമെന്ന് പാസ്‌പോർട്ട് ഓഫീസ് സ്ഥിരികരിച്ചതോടെ നോർക്കയിൽ വിവരമറിയിച്ചു. തുടർന്ന് നോർക്ക റൂട്ട്സിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദീപിനെ ചോദ്യം ചെയ്തപ്പോഴാണ് അഭിഭാഷകരുടെ പങ്ക് പുറത്തുവന്നത്. പിന്നാലെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ അഭിഭാഷകരുടെ വീടുകളിൽ റെയ്ഡ് നടത്തി. ബിജു സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനാണ്. ഇയാളെ ഏജൻസികൾ മുൻപ് ചോദ്യം ചെയ്തിട്ടുണ്ട്. സ്വർണക്കടത്തു സംഘത്തിനും ഇവർ വ്യാജരേഖ ചമച്ചു നൽകിയതായി പൊലീസ് സംശയിക്കുന്നു. കഴക്കൂട്ടം സ്വദേശിയായ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.