തിരുവനന്തപുരം: പാലുകുടി മാറാത്തയാളെ മേയറാക്കിയിട്ട് പ്രതിപക്ഷത്തെ എന്തിന് കുറ്റം പറയുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റും പൂജപ്പുര വാർഡ് കൗൺസിലറുമായ വി.വി. രാജേഷ് പറഞ്ഞു. രാജേഷിന്റെ പ്രതികരണം തമാശയായാണ് കാണുന്നതെന്നും അതിൽ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമെന്നും മേയർ തിരിച്ചടിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരെ കാണുന്നതിനിടെയാണ് വി.വി. രാജേഷിന്റെ വിവാദ പരമാർശം. ' സംസ്ഥാന ഭരണവും കോർപ്പറേഷൻ ഭരണവും സി.പി.എമ്മിന്റെ കൈയിലാണ്. എന്നിട്ടും ഭരിക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്ന് പറയുന്നത് ആര് വിശ്വസിക്കാനാണ്. കഴിവില്ലായ്‌മയാണെന്ന് സ്വയം സമ്മതിക്കുകയാണവർ. പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിച്ചത് ബി.ജെ.പി പറഞ്ഞിട്ടാണോ, നികുതി തട്ടിപ്പ്, കെട്ടിട നമ്പർ തട്ടിപ്പ് തുടങ്ങി ഒരു വർഷത്തിനിടെ കണ്ടുപിടിച്ച തട്ടിപ്പുകളെല്ലാം പ്രതിപക്ഷം പറഞ്ഞിട്ടാണോ നടന്നത്. ശിവൻകുട്ടി മേയറായിരുന്നപ്പോൾ ആരംഭിച്ച മാലിന്യപ്രശ്‌നം പരിഹരിക്കാൻ കഴിയാത്തത് ആരുടെ കഴിവുകേടാണ്. തെരുവുനായ ശല്യം രൂക്ഷമാകുന്നത് ബി.ജെ.പി പ്രതിപക്ഷത്തുള്ളതുകൊണ്ടാണോ" രാജേഷ് ചോദിച്ചു.
രാജേഷിന്റെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി മേയറും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. നമ്മളെ നമ്മളാക്കുന്നതിൽ കുടുംബങ്ങൾക്കുള്ള സ്വാധീനം വലുതാണ്. വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുണ്ട്. വളർന്നുവന്ന സാഹചര്യത്തിന്റെയും സ്വന്തം രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിലായിരിക്കും രാജേഷിന്റെ പരാമർശം. അതേ രീതിയിൽ മറുപടി പറയുന്നത് എന്റെ മാതാപിതാക്കളോടും പ്രസ്ഥാനത്തോടും ചെയ്യുന്ന തെറ്റാകും. ക്ഷമ പറയണമെന്നോ തിരുത്തണമെന്നോ ഞാൻ പറയേണ്ട ആവശ്യമില്ല. അത് ജനങ്ങൾ വിലയിരുത്തുമെന്നും മേയർ പറഞ്ഞു.