പ്രലോഭനങ്ങളിൽ വീഴരുതെന്ന് അതിരൂപതയുടെ സർക്കുലർ
തിരുവനന്തപുരം: തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് നടക്കുന്ന സമരം സെപ്‌തംബർ നാലുവരെ നീട്ടാൻ ലത്തീൻ അതിരൂപതയുടെ തീരുമാനം. അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് 31വരെ സമരം എന്നായിരുന്നു ആദ്യ പ്രഖ്യാപനം.
അദാനി ഗ്രൂപ്പ് കോടതിയിൽ കേസ് ഫയൽ ചെയ്‌ത് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിരൂപത നിയമത്തിന്റെ പരിരക്ഷ തേടും. ഇതിനായി ധാരാളം അഭിഭാഷകർ മുന്നോട്ടുവരുന്നുണ്ട്. വിഴിഞ്ഞത്ത് നടക്കുന്നത് നിലനില്പിന് വേണ്ടിയുള്ള സമരമാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് റെയിൽപ്പാതയ്‌ക്കുവേണ്ടി വീടുകളിൽ കയറി കുറ്റിയടിച്ചത്. തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട മേഖലയെ പ്രത്യേക സാമ്പത്തിക സോണായി പ്രഖ്യാപിച്ച് മത്സ്യബന്ധനം തടസപ്പെടുത്താനുള്ള നിഗൂഢ നീക്കവും നടക്കുന്നുണ്ട്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സമരത്തിൽ നിന്ന് പലരെയും പിന്തിരിപ്പിക്കാനും വിഭജിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളിൽ വീഴരുതെന്നും ഇടവകകളിലെ സമരസമിതികൾ ശക്തിപ്പെടുത്തണമെന്നും സർക്കുലറിൽ പറയുന്നു.