
ഉദിയൻകുളങ്ങര: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളിലാതെ കടത്തിക്കൊണ്ട് വന്ന 70 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. തമിഴ്നാട് മധുര ജില്ലയിലെ മധുര ഈസ്റ്റ് 6/ സ്ട്രീറ്റ് ഖായിദ് മില്ലത്ത് നഗറിൽ 17/16 നമ്പർ വീട്ടിൽ ഫൈസൽ അമീനാണ് (39) പിടിയിലായത്. ഇന്നലെ രാവിലെ മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഓൾവേ ആഡംബര ബസിൽ ബാഗിൽ കൊണ്ടുവരുന്നതിനിടെ അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
രൂപ കൈമാറുന്നതിന് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മറ്റൊരാൾ ഉണ്ടായിരുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. യുവാവിനെയും പണവും നെയ്യാറ്റിൻകര പൊലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ. ഇൻസ്‌പെക്ടർ സഹീർഷ,പ്രിവന്റീവ് ഓഫീസർ റെജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്