kodiyeri-balakrishnan

തിരുവനന്തപുരം: പ്രതിസന്ധിയുടെ മലപ്പെരുക്കം എത്രത്തോളവുമാവട്ടെ, ചെറുപുഞ്ചിരിയോടെ അത് താണ്ടാൻ കോടിയേരി തയ്യാർ. ബൗദ്ധികതയുടെയും പ്രായോഗികതയുടെയും പിൻബലമുള്ള പാർട്ടി നേതാക്കളെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി വിഷയങ്ങൾ ചർച്ച ചെയ്യാനും, അഭിപ്രായം ക്രോഡീകരിക്കാനും കോടിയേരിക്കുള്ള വിരുത് ചെറുതല്ല.

സംസ്ഥാനത്ത് സി.പി.എം നേതൃത്വത്തിൽ തുടർഭരണമെന്ന ചരിത്ര നേട്ടം കൈവരിച്ച് ഒരു വർഷം പിന്നിടുമ്പോൾ കോടിയേരിക്ക് പാർട്ടിയുടെ കടിഞ്ഞാൺ കൈമാറേണ്ടി വരുന്നത് കാലം സൃഷ്ടിച്ച പ്രതിസന്ധി. പാർട്ടി സെക്രട്ടറിയുടെ പടച്ചട്ട അഴിച്ചുവച്ച് പടിയിറങ്ങുന്നത് കേരളത്തിലെ സി.പി.എമ്മിന്റെ സൗമ്യമുഖമാണ്. ഇടപെടുലുകളിലെ ഊഷ്മളത, പാർട്ടി നിലപാടുകളിലെ ഉറപ്പ് അതാണ് കോടിയേരി.

വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ, നിരവധി സമരപോരാട്ടങ്ങളുടെ കുന്തമുനയായി നിന്ന് പാർട്ടി നേതൃത്വത്തിലേക്ക് എത്തിയ പോരാളി. ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വരെയായ കറകളഞ്ഞ പാർട്ടിക്കാരൻ. നിയമസഭാ സാമാജികനായും മന്ത്രിയായും തിളക്കമാർന്ന പ്രകടനം. പരീക്ഷണഘട്ടങ്ങളിൽ പാർട്ടിയുടെ അമരക്കാരനായി നിന്ന് പ്രതിസന്ധികളുടെ ഓളപ്പെരുക്കത്തിൽ ദിശതെറ്റാതെ മുന്നോട്ടു നയിച്ച കർമ്മധീരൻ. ഇങ്ങനെ പലതരത്തിൽ വിശേഷിപ്പിക്കാം കോടിയേരിയെ. സ്വയം ശബ്ദമുയർത്താതെ മറ്റുള്ളവരെ നിശബ്ദരാക്കാൻ കഴിയുന്ന മാന്ത്രികൻ. തന്റെ മുന്നിലെത്തുന്നത് സാധാരണ പാർട്ടി പ്രവർത്തകനായാലും സംസ്ഥാന നേതാവായാലും ഘടകകക്ഷി നേതാവായാലും അവർക്ക് പറയാനുള്ളതെല്ലാം സശ്രദ്ധം കേൾക്കും. യുക്തിസഹമായ തീരുമാനം അദ്ദേഹത്തിന്റേതായിരിക്കും.

2006ൽ വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ പാർട്ടിയുടെ കടിഞ്ഞാൺ പിണറായി വിജയന്റെ കൈകളിൽ. ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് കോടിയേരി ബാലകൃഷ്ണനും. പുറമെ എല്ലാം ഭദ്രമെന്ന് പറയുമ്പോഴും, മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പല വിഷയങ്ങളിലും കൊമ്പു കോർത്തിരുന്നു. ഉത്തമനായ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് പന്തിയിൽ പോര് പുറത്തറിയാതെ പരിഹരിച്ചത് കോടിയേരിയുടെ വൈഭവമാണ്.

2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്തുടർച്ചക്കാരനായി അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയായത്. നേതൃത്വത്തോടുള്ള അഭിപ്രായ ഭിന്നത തുറന്ന് പ്രകടിപ്പിച്ച് സമ്മേളനവേദി വിട്ട് പോയ വി.എസിനെ തിരികെ വേദിയിലെത്തിച്ചതും കോടിയേരിയുടെ അനുനയ വൈഭവം. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതു മുതൽ കടുത്ത പരീക്ഷണങ്ങളെയാണ് നേരിട്ടത്. പല സാമുദായിക സംഘടനകളുമായും സർക്കാരിന് ഇടയേണ്ടി വന്നു. ആരുടെയും വികാരങ്ങൾ മുറിപ്പെടുത്താതെ, എന്നാൽ സർക്കാരിന്റെ നിലപാടുകളിൽ നിന്ന് അണുവിട പിന്നോട്ടു പോകാതെ സമരസപ്പെടുത്തി കാര്യങ്ങൾ കൊണ്ടുപോയത് പാർട്ടിയെ നയിച്ച കോടിയേരിയുടെ നയചാതുരിയാണ്. മുഖ്യമന്ത്രിയുടെ ഓരോ തീരുമാനങ്ങൾക്കും ഉറച്ച പിന്തുണ നൽകാനും, തീരുമാനങ്ങളുടെ പേരിലുയരുന്ന വിവാദത്തീ കെടുത്താനും വിശ്വസ്തനായി എന്നും ഒപ്പമുണ്ടായിരുന്നു കോടിയേരി.