
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടശ്ശേരി-പ്ലാവിള റോഡിൽ മൂലയിൽ തോട്ടം ദേവീക്ഷേത്രം മുതൽ ടാർ ഇളകി സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിയുന്നു. നിലവിൽ റോഡിലെ 100 മീറ്ററോളം ഭാഗം മെറ്റൽ മാത്രമായി കാൽനടപോലും സാദ്ധ്യമാകാത്ത തരത്തിലാണ്. ഇതുവഴി ഒരുവാഹനത്തിനും കടന്നുപോകാൻ കഴിയില്ല. ഇരുചക്ര വാഹനങ്ങൾ ഈ ഭാഗത്ത് തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവായിട്ടുണ്ട്. പത്തു വർഷത്തിലധികമായി റോഡ് ടാർ ചെയ്തിട്ട്. ഇതുവഴിയാണ് അയിലം സ്കൂളിലേക്കും മൂന്നു ക്ഷേത്രങ്ങലിലേക്കും യാത്ര ചെയ്യേണ്ടത്. നിരവധി സ്കൂൾ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. ഇത് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മഴപെയ്താലും വെയിലായാലും പ്രശ്നം തന്നെ
മഴപെയ്താലും വെയിലായാലും ഈവഴിയുള്ള യാത്ര ദുരിതം തന്നെ. മെറ്റൽ ഇളകി കിടക്കുന്നതിനാൽ മഴപെയ്താൽ ചെളിക്കളമാണിവിടെ. വെയിലുവന്നാൽ പൊടികൊണ്ട് പ്രദേശമാകെ ദുരിതമാകും. ഇതുവഴി ഇരുചക്ര വാഹനയാത്രയാണ് ദുഷ്കരം. പ്രത്യോകിച്ചും സ്ത്രീകൾക്ക്. പലപ്പോഴും ഇളകിക്കിടക്കുന്ന മെറ്റലിൽ സ്കൂട്ടർ തെന്നി അപകടം സംഭവിക്കുന്നുണ്ട്.