തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ ചൂടാറുംമുമ്പാണ് ആനാവൂർ നാഗപ്പന്റെ വീടിന് കല്ലേറുണ്ടായത്. എല്ലാ ശനിയാഴ്‌ച രാത്രിയും നഗരത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആനാവൂർ ഞായറാഴ്‌ച ദിവസങ്ങളിൽ വീട്ടിലുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇത്തവണ ശനിയാഴ്‌ച യാത്ര ഒഴിവാക്കുകയായിരുന്നു.

താൻ വീട്ടിലുണ്ടാകുമെന്ന ധാരണയാലാണ് കല്ലേറുണ്ടായതെന്നാണ് ആനാവൂർ നാഗപ്പൻ പറയുന്നത്. എന്നെ അപായപ്പെടുത്താനായിരുന്നു ശ്രമം. നാട്ടിലെ ബി.ജെ.പിക്കാരുടെ അറിവോടെ പുറത്തുനിന്നെത്തിയവർ ആക്രമണം നടത്തിയെന്നുവേണം സംശയിക്കേണ്ടത്. ജില്ലാ കമ്മിറ്റി ഓഫീസിൽ എറിഞ്ഞ അതേ മോഡൽ കല്ലാണ് വീട്ടിലും എറിഞ്ഞത്. പുറത്തുനിന്നുകൊണ്ടുവന്ന കല്ലാണിത്. പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും ആനാവൂർ പറയുന്നു. രാവിലെ ഏഴരയോടെ മകൻ ദീപുവാണ് സംഭവം ആനാവൂരിനെ വിളിച്ചറിയിച്ചത്. അപ്പോൾതന്നെ പൊലീസിൽ അറിയിക്കാൻ മകനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗത്തിനിടെ കിട്ടിയ ഇടവേളയിൽ ആനാവൂർ വീട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ഭയപ്പെടേണ്ടന്ന് വീട്ടുകാരോട് പറഞ്ഞ അദ്ദേഹം കൊച്ചുമകൾ ആരണ്യയെ ആശ്വസിപ്പിച്ച ശേഷം നഗരത്തിലേക്ക് മടങ്ങി. 2013ൽ സി.പി.എം നേതാവായിരുന്ന നാരായണൻ നായരെ മണവാരിയിൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം ആദ്യമായാണ് നാട്ടിൽ ഇത്തരമൊരു സംഭവമെന്നും ആനാവൂരിന്റെ മകൻ ദീപു പറഞ്ഞു.