തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസിൽ മൂന്ന് എ.ബി.വി.പി പ്രവർത്തകർ അറസ്റ്റിലായി. മറ്റ് മൂന്ന് പേർ കൂടി ഉടൻ അറസ്റ്റിലാകുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.

കാട്ടാക്കട ആര്യങ്കോട് സ്വദേശി സതീർത്ഥ്യൻ (24), നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിയും ലാഅക്കാഡമിയിലെ നാലാം സെമസ്റ്റർ എൽഎൽ.ബി വിദ്യാർത്ഥിയുമായ ഹരിശങ്കർ (23), തൃശൂർ സ്വദേശിയും സംസ്കൃത കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ ലാൽ (23) എന്നിവരെയാണ് തമ്പാനൂർ പൊലീസ് എസ്.എച്ച്.ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുൻപ് വഞ്ചിയൂരിൽ നടന്ന സി.പി.എം - എ.ബി.വി.പി സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്നവരാണ് പ്രതികൾ. ഇവരാണ് രാത്രിയിൽ ജില്ലാകമ്മിറ്റി ഓഫീസിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ആറ്റുകാലിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച തന്നെ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രവർത്തകരുടെ പ്രതിഷേധം മൂലം സാധിച്ചില്ല. തുടർന്നാണ് ഞായറാഴ്ച പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെയെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഇനിയുള്ള മൂന്ന് പേരെയും സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തിന് കാരണം വഞ്ചിയൂരിലെ സംഘർഷം

വഞ്ചിയൂരിൽ കഴിഞ്ഞ ദിവസം എ.ബി.വി.പി - സി.പി.എം സംഘർഷത്തിന്റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണവുമെന്ന് പൊലീസ് പറഞ്ഞു. എ.ബി.വി ഓഫീസ് ആക്രമണവും സംഘർഷത്തിന്റെയും വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. അറസ്റ്റിലായവരിൽ നിന്ന് ഫോണും ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കുൾപ്പെടെ പിടിച്ചെടുത്തു. ബൈക്കുകൾ രണ്ടും ഓടിച്ചത് പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനുമായിരുന്നു. ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. ഇപ്പോൾ പിടിയിലായ ലാലാണ് ബൈക്കിന് പിന്നിലിരുന്ന് കല്ലെറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രതികളെ രഹസ്യമായി പാർട്ടി ഓഫീസിന് മുന്നിലെത്തിച്ച് തെളിവെടുപ്പും പൊലീസ് പൂർത്തിയാക്കി.

സതീർത്ഥ്യൻ എ.ബി.വി.പിയുടെ വട്ടിയൂർക്കാവ് നഗരകാര്യാലയം അംഗമാണ്. ലാൽ ഫോർട്ട് നഗരകാര്യാലയം അംഗമാണ്. ഹരിശങ്കർ എ.ബി.വി.പി ജില്ലാ ഓഫീസ് സെക്രട്ടറിയാണ്. സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പൊലീസ് പറഞ്ഞു

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേട്ടുക്കടയിലെ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിന് നേരേ കല്ലേറുണ്ടായത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് കേടുപറ്റിയിരുന്നു. എൽ.ഡി.എഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കൗൺസിലർ ഗായത്രി ബാബുവിന് എ.ബി.വി.പിക്കാർ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരിൽ എ.ബി.വി.പി സി.പി.എം സംഘർഷം നടന്നത്. സതീർത്ഥ്യന്റെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്.

ഇനിയുള്ളവരെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി പൊലീസ് ആറ്റുകാലിലെ ആശുപത്രിയിലും പരിസരത്തും താവളമുറപ്പിച്ചിരിക്കുയാണ്.