
ചിറയിൻകീഴ്: കൊവിഡ് കാലഘട്ടത്തിൽ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാനാകാത്തത് ചിറയിൻകീഴ് - തിരുവനന്തപുരം റൂട്ടിലെ യാത്രക്കാരെ ബാധിക്കുന്നു. ആറ്റിങ്ങൽ, കണിയാപുരം എന്നീ ഡിപ്പോകളിൽ നിന്നുമാണ് ഇവിടുത്തേക്ക് പ്രധാനമായും സർവീസുകൾ നടത്തുന്നത്.
രാത്രി 7 കഴിഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴിലേക്ക് സർവീസ് ഇല്ല. മുൻപ് രാത്രി 9.40ന് അവിടെ നിന്ന് ഒരു സർവീസ് ഉണ്ടായിരുന്നു. അതും നിറുത്തലാക്കി. അതുപോലെ ചിറയിൻകിഴിൽ നിന്ന് സന്ധ്യ കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തേക്ക് സർവീസ് ഇല്ല. മുൻപ് ഇവിടെ നിന്ന് രാത്രി 8ന് ഒരു സർവീസ് ഉണ്ടായിരുന്നു. ഈ രണ്ട് സർവീസും യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നതാണ്. എക്സ്‌പ്രസ് ട്രെയിനിൽ സന്ധ്യയ്ക്ക് ശേഷം ചിറയിൻകീഴിൽ വന്നിറങ്ങുന്ന പെരുങ്ങുഴി ഭാഗത്തേ യാത്രക്കാർക്ക് വീടുകളിൽ എത്തണമെങ്കിൽ രാത്രി ബസ് ഇല്ലാത്തത് കാരണം നടക്കുകയേ നിവർത്തിയുള്ളൂ. അല്ലെങ്കിൽ ഓട്ടോ വിളിക്കണം.
അതുപോലെ ചിറയിൻകീഴ് ഭാഗത്തേക്ക് രാവിലെ സർവീസുകൾക്കിടയിൽ ഒന്നര മണിക്കൂർ ഇടവേള വരുന്നതും വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് തലവേദനയാണ്. പ്രൈവറ്റ് ബസുകൾക്ക് അയിത്തമുള്ള ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടിൽ സമാന്തര സർവീസുകൾ ഉണ്ടെങ്കിലും യാത്രക്കാരുടെ പ്രധാന ആശ്രയം കെ.എസ്.ആർ.ടി.സിയാണ്. ഈ അടിയന്തര സാഹചര്യം പരിഗണിച്ച് നിറുത്തലാക്കിയ എല്ലാ സർവീസുകളും പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ഒന്നടങ്കമുള്ള അഭ്യർത്ഥന.
ചെമ്പഴന്തി സർവീസ് നിറുത്തലാക്കി
ഇവിടെ ഒരു പിടി സർവീസുകൾ നിറുത്തലാക്കിയ കൂട്ടത്തിൽ ചെമ്പഴന്തി കോളേജ് സർവീസ് നിറുത്തലാക്കിയത് വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ്. നിരവധി വിദ്യാർത്ഥികൾക്ക് ഈ സർവീസ് ഒരനുഗ്രഹമായിരുന്നു. ഈ സർവീസ് ഇല്ലാത്തത് കാരണം വിദ്യാർത്ഥികൾക്ക് മുരുക്കുംപുഴയിൽ ഇറങ്ങി അവിടെ നിന്ന് പോത്തൻകോട്ടേക്കും തുടർന്ന് കിഴക്കേകോട്ട ബസിനെയും ആശ്രയിക്കേണ്ട ദുർവിധിയിലാണ്. അല്ലെങ്കിൽ മെഡിക്കൽകോളേജിലേക്ക് പോകുന്ന ബസിൽ കയറി ശ്രീകാര്യത്ത് ഇറങ്ങണം. തുടർന്ന് ചെമ്പഴന്തി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറണം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഇവിടെ പരിമിതവുമാണ്.