1

പൂവാർ: ശോഭയ്ക്ക് ഓണസമ്മാനമായി തലോടൽ ഭവനം കൈമാറി. പൂവാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ശോഭയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നാണ് അലിയാർ ചാരിറ്റബിൾ സൊസൈറ്റി തലോടൽ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വച്ചുനൽകിയത്. പൂവാർ ശൂലംകുടിയിൽ ശോഭയ്ക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ കൈമാറി.

നിലവിൽ ഇവരെ സമീപത്ത് തന്നെ വാടകവീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. വാടകയും കുട്ടിയുടെ പഠനവും ഉൾപ്പെടെ ഉള്ള മുഴുവൻ ചെലവും പാർട്ടിയാണ് നോക്കി വന്നത്. വീട്ടിലേക്ക് ആവശ്യമായ എല്ലാ വീട്ടുപകരണങ്ങളും സി.പി.എമ്മിന്റെ ബ്രാഞ്ചുകൾ ചേർന്ന് വേദിയിൽ വച്ച് നൽകി. അലിയാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പൻ, ജില്ലാ കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ പി.രാജേന്ദ്ര കുമാർ, കേരള ഓട്ടോമൊബൈൽസ് ചെയർമാൻ പുല്ലുവിള സ്റ്റാൻലി, കെ.സി.ഇ.യു ജില്ലാ പ്രസിഡന്റ് വി.എൻ.വിനോദ് കുമാർ, ചാരിറ്റബിൾ സൊസൈറ്റി പൂവാർ മേഖല പ്രസിഡന്റ് ബി.ടി. ബോബൻ കുമാർ, ഡിവൈ.എഫ്.ഐ കോവളം ബ്ലോക്ക് സെക്രട്ടറി ശിജിത്ത് ശിവസ്, പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ്, പഞ്ചായത്ത് അംഗം പ്രതീഷ് എന്നിവർ പങ്കെടുത്തു. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എസ്. അജിത്ത് സ്വാഗതവും പൂവാർ മേഖല സെക്രട്ടറി കോമളകുമാർ നന്ദിയും പറഞ്ഞു.