 വിളിച്ചില്ലെന്ന് വിശദീകരണം  ഔദ്യോഗികമായി ക്ഷണിച്ചിരുന്നെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ ലത്തീൻ അതിരൂപതയുടെ പ്രതിനിധികൾ എത്തിയില്ല. യോഗത്തിന്റെ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും തങ്ങളെ ആരും ചർച്ചയ്‌ക്കായി ക്ഷണിച്ചില്ലെന്നുമായിരുന്നു അതിരൂപതയുടെ വിശദീകരണം. മന്ത്രിമാരായ ആന്റണി രാജുവിന്റെയും വി. അബ്‌ദുറഹ്മാന്റെയും നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറിന് സെക്രട്ടേറിയറ്റിൽ ഫിഷറീസ് മന്ത്രിയുടെ ചേമ്പറിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.

ചർ‌ച്ചയുടെ കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്‌ടർ സമർപ്പിച്ച റിപ്പോർട്ടിൽ തീരുമാനമെടുക്കാനായിരുന്നു യോഗം. പുനരധിവാസം ഉൾപ്പെടെയുളള കാര്യങ്ങളിൽ പരമാവധി ഉറപ്പുകൾ നൽകി സമരക്കാരെ അനുനയിപ്പിക്കാനായിരുന്നു സർക്കാർ ശ്രമം. അതേസമയം സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമരത്തിന്റെ മുന്നോട്ടുപോക്കിൽ കോടതി നിലപാട് നിർണായകമാകും.

അതേസമയം ചർച്ച് ഇന്ന് നടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.