തിരുവനന്തപുരം: സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ തലസ്ഥാനത്ത് ഏതുസമയത്തും ഏറ്റുമുട്ടുമെന്നും അത് വലിയൊരു അക്രമ പരമ്പരയിലേക്ക് നയിക്കുമെന്നും രഹസ്യവിവരം ലഭിച്ചതോടെ ഓണക്കാലം ചോരയിൽ മുങ്ങാതിരിക്കാൻ പൊലീസ് അതീവജാഗ്രതയിൽ. 2020ലെ തിരുവോണദിവസം പുലർച്ചെയാണ് വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിന്റെയും ഹഖ്‌മുഹമ്മദിന്റെയും അരുംകൊലയുണ്ടായത്. സമാനമായ സാഹചര്യത്തിന് വിവിധ കോണുകളിൽ ആസൂത്രിത നീക്കം നടക്കുന്നതായാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ കല്ലേറുണ്ടാകുകയും സംഭവത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് ആനാവൂർ ആരോപിക്കുകയും ചെയ്‌തു.

എ.കെ.ജി സെന്ററിൽ പടക്കമേറ് നടന്നിട്ട് രണ്ടുമാസത്തോളമായെങ്കിലും പ്രതിയെക്കുറിച്ച് അവ്യക്തത തുടരുന്നതിനാൽ ആ സംഭവത്തിന് ശേഷം മറ്റ് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാൽ നഗരസഭാ പ്രവർത്തനങ്ങളിൽ ബി.ജെ.പിയും യു.ഡി.എഫും തുരങ്കം വയ്ക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് നഗരസഭാ കമ്മിറ്റി 100 വാർഡുകളിലും പ്രചാരണ ജാഥ ആരംഭിച്ചതിന് പിന്നാലെ അക്രമങ്ങൾക്ക് കളമൊരുങ്ങുകയായിരുന്നു. വഞ്ചിയൂർ വാർഡിൽ ജാഥയെത്തിയപ്പോൾ കൗൺസിലർ ഗായത്രി ബാബുവിനെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് സി.പി.എം പൊലീസിൽ പരാതി നൽകി.

എന്നാൽ ജാഥ കടന്നുവന്ന പൊട്ടിപ്പൊളിഞ്ഞ വഴി നന്നാക്കണമെന്ന നിവേദനവുമായെത്തിയ എ.ബി.വി.പി പ്രവർത്തകരെ സി.പി.എമ്മുകാർ കൈയേറ്റം ചെയ്തെന്നാണ് ബി.ജെ.പിയുടെ വാദം. സംഭവത്തിൽ അഞ്ച് എ.ബി.വി.പിക്കാരെ തമ്പാനൂർ പൊലീസ് ശനിയാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്തിരുന്നു. അതേദിവസം അർദ്ധരാത്രിയിലാണ് ആനാവൂർ നാഗപ്പന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കിടപ്പുമുറിയുടെ ജനൽചില്ല് എറിഞ്ഞുതകർത്തത്.

വെള്ളിയാഴ്ച നെട്ടയം കാച്ചാണി റോഡിൽ കല്ലിംഗൽ ജംഗ്ഷനിലും ശനിയാഴ്ച വൈകിട്ട് വട്ടിയൂർക്കാവ് മേലത്തുമേലെ ജംഗ്ക്ഷനിലും സി.പി.എം - ഡി.വൈ.എഫ്.ഐ കൊടിമരങ്ങളും വെയിറ്റിംഗ് ഷെഡുകളും തകർക്കുകയും ചെയ്‌തിരുന്നു. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്നലെ ഉച്ചയ്ക്കുശേഷം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. അനുപിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോൾ മണികണ്ഠേശ്വരത്തുവച്ച് ഒരു സംഘം മരക്കഷണങ്ങൾ ഉപയോഗിച്ച് അക്രമിച്ചു. ആർ.എസ്.എസുകാരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രദേശത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.