
മലപ്പുറം: ഇലക്ട്രിക് കെറ്റിലിനകത്തും ബാഗിലും ഷൂവിനകത്തുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.61 കോടി രൂപയുടെ സ്വർണ്ണം മൂന്ന് യാത്രക്കാരിൽ നിന്നായി കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് 494ഗ്രാം സ്വർണ്ണം കണ്ടെടുത്തത്. ഇലക്ട്രിക് കെറ്റിലിന്റെ അടിയിൽ ചായം പൂശിയ നിലയിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്. 25.66 ലക്ഷം രൂപ വിലവരും. ഷാർജയിൽ നിന്നെത്തിയ തിരുവനന്തപുരം ഇടഞ്ഞാൽ സ്വദേശിനി സുനിഷയിൽ നിന്ന് 831ഗ്രാം സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തു. 43.17 ലക്ഷം രൂപ വില വരും ദുബായിൽ നിന്നെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ് യാസിറിൽ നിന്ന് പിടിച്ച 807.26ഗ്രാം സ്വർണ്ണം അടിവസ്ത്രത്തിനും ഷൂവിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു. വിപണിയിൽ 93.8 ലക്ഷം രൂപ മൂല്യം വരും. കഴിഞ്ഞ ദിവസം 65 ലക്ഷം രൂപയുടെ സ്വർണ്ണവും 51 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി മൂന്ന് പേരെ കസ്റ്റംസ് പിടിച്ചിരുന്നു.