കാട്ടാക്കട: കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു. പേപ്പാറ വനമേഖലയിലെ കൊമ്പിടി സെറ്റിൽമെന്റിലെ അംബിക (38)യെയാണ് ശനിയാഴ്ച രാത്രിയോടെ കാട്ടാന ചവിട്ടി കൊന്നത്. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സെറ്റിൽമെന്റിൽ എത്തിച്ച് സംസ്ക്കരിച്ചു.
നെയ്യാർ റിസർവോയറിൽ മീൻപിടിക്കാൻ പോയി മടങ്ങി വരവെ നെടുവൻതോട് ഭാഗത്ത് വച്ച് കാട്ടാന യുവതിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവതി മരിച്ചതായി ആദിവാസികൾ അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രി പത്ത് മണിയോടെ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ നെയ്യാർഡാം സി.ഐ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും വനത്തിനുള്ളിലെത്തയാണ് മൃതദേഹം ഊരിൽ നിന്നും പുറത്തെത്തിച്ചത്.