m

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന ആരോഗ്യമേളകളുടെ ഭാഗമായുള്ള മേളയുടെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി അദ്ധ്യക്ഷനായി. പഴയകുന്നുമ്മേൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച വിളംബര ജാഥയിൽ ആശാവർക്കർമാർ,ആരോഗ്യ പ്രവർത്തകർ,ഹരിതകർമ്മസേന അംഗങ്ങൾ, അങ്കണവാടി വർക്കേഴ്‌സ്, വിദ്യാർത്ഥികൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു.

ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. വിളംബര ജാഥ ബി.പി. മുരളി ഫ്ലാഗ് ഓഫ് ചെയ്തു. 33 സ്റ്റാളുകളാണ് മേളയിൽ സജ്ജമാക്കിയത്. അലോപ്പതി - ആയുഷ് വകുപ്പുകൾ, ഫയർഫോഴ്സ്, എക്സൈസ്, ഐ.സി.ഡി.എസ്, ഹരിതകർമ്മസേന, കുടുംബശ്രീ എന്നിവർ ഒരുക്കിയ സ്റ്റാളുകളും രക്തദാന രജിസ്‌ട്രേഷൻ ക്യാമ്പ്, പാലുല്പന്നങ്ങളുടെ വിപണനം,പോഷകാകാഹാര പ്രദർശനം എന്നിവയും മേളയുടെ ഭാഗമായി.ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ ജി.ജി. ഗിരി കൃഷ്ണൻ,ടി.ബേബി സുധ,വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.സ്മിത, കെ.രാജേന്ദ്രൻ, എം. ബിജുകുമാർ, എം.ഹസീന, ടി.ആർ. മനോജ് എന്നിവർ പങ്കെടുത്തു.