വിതുര: കാട്ടാനകളുടെ ശല്യംകാരണം ആദിവാസികളുടെ സ്വര്യജീവിതം നഷ്ടപ്പെട്ടിട്ട് കാലങ്ങളായി. ഇവയുടെ ആക്രമണത്തിൽ നിരവധി ആദിവാസികൾ ഇരയായിട്ടുണ്ട്. എന്നാൽ ഇത്രയും ആക്രമണം കാലങ്ങളായി നടന്നിട്ടും ഇത് തടയുന്നതിനുള്ള നടപടി മാത്രം നാളിതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മീൻ പിടിക്കാൻ പോയി മടങ്ങിയ ആദിവാസിയായ വീട്ടമ്മയെ വഴിമദ്ധ്യേ കാട്ടാന ആക്രമിച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു. പത്ത് വർഷത്തിനിടയിൽ വിതുര മേഖലയിൽ മാത്രം 11 പേരുടെ ജീവനാണ് കാട്ടാനകൾ കവർന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വിതുര പഞ്ചായത്തിലെ കല്ലാർ, പേപ്പാറ, മണലി, മരുതാമല, മണിതൂക്കി, ബോണക്കാട് വാർഡുകളിലാണ് കാട്ടാനകൾ കൂടുതൽ നാശവും ഭീതിയും പരത്തി വിഹരിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം സ്വര്യജീവിതത്തിന് ഭംഗമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. ആദിവാസിമേഖലകൾക്ക് പുറമേ നാട്ടിൻപുറങ്ങളിലും ആനശല്യം രൂക്ഷമാണ്.