 അതിർത്തി കടന്ന് സിന്തറ്റിക്ക് ലഹരികൾ

തിരുവനന്തപുരം: ഓണം ലക്ഷ്യമാക്കി തലസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് വർദ്ധിക്കുമ്പോൾ പരിശോധന ശക്തമാക്കി എക്‌സൈസ്. സിന്തറ്റിക്ക് ലഹരിയുൾപ്പെടെയുള്ളവയുടെ വരവ് തടയാൻ വകുപ്പും നടപടി ആരംഭിച്ചു. ക‍ഞ്ചാവ്,​ സ്പിരിറ്റ്,​ അനധികൃത വിദേശ മദ്യം​,​എം.‌ഡി.എം.എ,​ ഹാഷിഷ് ഓയിൽ എന്നിവയാണ് തലസ്ഥാനത്തേക്ക് വ്യാപകമായി കടത്തുന്നത്.

സിന്തറ്റിക്ക് ലഹരികൾ മൊത്തമായി തമിഴ്നാട്ടിൽ നിന്ന് വരുന്ന വോൾവോ ബസ്,​ പിക്കപ്പ് വാനുകൾ എന്നിവയിലാണ് എത്തിക്കുന്നത്. പച്ചക്കറി ലോറികൾ,​ സ്വകാര്യ വാഹനങ്ങൾ എന്നിവ വഴി കഞ്ചാവും കടൽ മാ‌ർഗം വലിയ ബോട്ടുകൾ,​ കണ്ടെയ്‌നർ എന്നീ മാ‌ർഗങ്ങളിലൂടെ മറ്റ് ലഹരികളും ഇവിടെ എത്തിക്കുന്നുണ്ട്. കേരളത്തിലെ വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരാണ് അന്യ സംസ്ഥാന ലഹരി മാഫിയയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

സിന്തറ്റിക്ക് ലഹരി വാഴുന്ന കാലം

18നും 28നും ഇടയിൽ പ്രായമുള്ളവരാണ് സിന്തറ്റിക്ക് ലഹരി കൂടുതലായി ഉപയോഗിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതും കൂടുതൽ നേരം ലഹരി ലഭിക്കുന്നതുമായി സിന്തറ്റിക്ക് ലഹരിക്കാണ് ആവശ്യക്കാർ ഏറെ. 2000 രൂപ മുതൽ 20,​000 രൂപ വരെയാണ് ഗ്രാമിന് വില. റോഡുമാർഗമാണ് ഇവ തലസ്ഥാനത്തേക്ക് വൻതോതിലെത്തുന്നത്. ആന്ധ്രയിലെ രാജമുണ്ട്രി,​ നെർസിപ്പട്ടണം,​ അനക്കപ്പള്ളി എന്നീ സ്ഥലങ്ങളിലെ ആദിവാസി ഊരുകളിൽ വൻതോതിൽ​ കൃഷിചെയ്യുന്ന കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ചശേഷമാണ് വിവിധ സ്ഥലങ്ങളിലെ മൊത്ത - ചില്ലറ വ്യാപാര മേഖലകളിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെനിന്ന് തൂത്തുക്കുടി വഴി കടൽമാർഗം കഞ്ചാവ് ശ്രീലങ്കയിലേക്കും കടത്തുന്നുണ്ട്.

എക്സൈസ് പരിശോധനകൾ

 15 അതിർത്തികളിൽ ബോർഡർ പട്രോളിംഗ്. പ്രധാന പരിശോധന കേന്ദ്രമായ അമരവിളയിലുൾപ്പെടെ

കൂടുതൽ പേരെ നിയോഗിക്കും. അന്യ സംസ്ഥാന പൊലീസ്, എക്‌സൈസ് വകുപ്പുമായി ഏകോപിച്ച് പരിശോധന

 പൊലീസ് സഹായത്തോടെ വാഹനങ്ങളിൽ സ്നിഫർ വിഭാഗത്തിൽപ്പെട്ട നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധന

 താലൂക്ക് തലങ്ങളിൽ മുഴുവൻ സമയ കൺട്രോൾ റൂമുകൾ. രണ്ട് താലൂക്കുകളിൽ ഒരു സ്‌ട്രൈക്കിംഗ്

ഫോഴ്സ് എന്ന പേരിൽ പരിശോധന നിരീക്ഷണ സംഘം.

 ജില്ലാ തലങ്ങളിൽ പരിശോധനയ്ക്ക് ഡെപ്യൂട്ടി, അസി.കമ്മിഷണർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡുകൾ

 ദേശീയ പാതയുൾപ്പെടെയുള്ള റോഡുകളിലും മുഴുവൻ സമയ വാഹന പരിശോധന

 വനമേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്

പരിശോധന. റവന്യു,ഫോറസ്റ്റ് വകുപ്പുകളുമായി ഏകോപിച്ച് പരിശോധന.

 തീരദേശത്ത് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയുള്ള പരിശോധന.

 പബുകൾ, ഹോട്ടലുകൾ, പാർട്ടികൾ നടക്കുന്ന സ്ഥലങ്ങൾ രഹസ്യമായി അന്വേഷിച്ച് അറിഞ്ഞ് രഹസ്യ അന്വേഷണം

ശക്തമായ പരിശോധന നടക്കുന്നുണ്ട്. തലസ്ഥാനത്തേക്കുള്ള

ലഹരി ഒഴുക്ക് തടയുകയാണ് പ്രധാന ലക്ഷ്യം.


ബാബു വർഗീസ്

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ

തിരുവനന്തപുരം