
കല്ലമ്പലം: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സഹകരണാർഥം കേരള പഞ്ചായത്ത് വാർത്ത ചാനലുമായി ചേർന്ന് കരവാരം പഞ്ചായത്ത് കല്ലമ്പലം കൈരളി മൈതാനത്ത് ഒരുക്കുന്ന ഹരിത ഹൃദയം ഓണം ഫെസ്റ്റിന് ഇന്ന് തുടക്കം. സെപ്റ്റംബർ 18 ന് സമാപിക്കും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളന ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും കേന്ദ്ര മന്ത്രി വി.മുരളീധരൻ നിർവഹിക്കും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബേബി സരോജം നന്ദിയും പറയും. ഇന്ന് രാവിലെ 6 ന് പതാക ഉയർത്തൽ. 7ന് അത്തപ്പൂക്കള മത്സരം, വൈകിട്ട് 4ന് ഘോഷയാത്ര, 5ന് സാംസ്ക്കാരിക സമ്മേളനം. തുടർന്ന് വിപണന മേള ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിക്കും. ആദ്യ വില്പന വി.ജോയി എം.എൽ.എ സ്വീകരിക്കും. വർക്കല ഡിവൈ.എസ്.പി പി. നിയാസ്, സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുക്കും. 20 ദിവസം നീണ്ടുനിൽക്കുന്ന മഹാ വിപണന വിജ്ഞാപന മേളയിൽ എക്സിബിഷൻ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ്, അമ്യൂസ് മെന്റ് പാർക്ക്, ഫ്ലവർ ഷോ, നാടൻ വിഭവങ്ങളുടെ ഭക്ഷണശാല, കുട്ടികൾക്കായുള്ള പാർക്ക്, ക്വിസ്, കലാമത്സരങ്ങൾ, ഫിഷ് ഹബ്ബ്, ചലച്ചിത്ര താരങ്ങളുടെ സ്റ്റാർ നൈറ്റ് തുടങ്ങിയവ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാലും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാറും അറിയിച്ചു.