
കിളിമാനൂർ: പഴുവടി ഏലായിൽ ഇനി ഞാറു നടീലിന്റെ ഈരടികൾ. മടവൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ പഴുവടി ഏലായിൽ രണ്ടു പതിറ്റാണ്ടായി തരിശു കിടന്ന ഭൂമിയിൽ ഇനി പൊന്നു വിളയും. പഴുവടി കൂട്ടായ്മയും ഒൻപതാം വാർഡ് വികസന സമിതിയും ചേർന്നാണ് ഇവിടെ നാല് ഹെക്ടർ ഭൂമിയിൽ നെൽകൃഷി ചെയ്യുന്നത്. ഇതിന്റെ ഞാറു നടീൽ ഉദ്ഘാടനം എം.എൽ.എ അഡ്വ. വി. ജോയ് നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. പഴുവടി കൂട്ടായ്മയുടെ സെക്രട്ടറി അരുൺ പ്ലാവിള സ്വാഗതവും സി.ഡി.എസ് അംഗം ദിവ്യ നന്ദിയും പറഞ്ഞു. കൃഷി ഓഫീസർ ആശ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ, പാടശേഖര സമിതി ഭാരവാഹികളായ നൂറുദീൻ, ജയപ്രകാശ്, നവാസ്, പ്രൊഫ. കരുണാകരൻ നായർ എന്നിവർ പങ്കെടുത്തു.