തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ആരോപണ വിധേയയായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ സുനന്ദയെ ബാലാവകാശ കമ്മിഷൻ അംഗമായി നിയമിച്ചതിനെതിരെ കുഞ്ഞിന്റെ അമ്മ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു. പി.യു. ഉഷയും വിമൻസ് ജസ്റ്റിസ് ഭാരവാഹി മുതാംസും ഇന്നലെ രാവിലെ 11ന് ആരംഭിച്ച പ്രതിഷേധത്തിൽ ഒപ്പമുണ്ടായിരുന്നു. കുഞ്ഞിനെ അമ്മ അന്വേഷിച്ചിട്ടും ദത്ത് തടഞ്ഞില്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ നിന്ന് അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുക്കാൻ സുനന്ദയും കൂട്ടുനിന്നതായി ആരോപണമുയർന്നിരുന്നു. പിന്നീട് ദത്തെടുത്ത ആളിൽ നിന്ന് കുഞ്ഞിനെ തിരികെ വാങ്ങി അനുപമയ്ക്ക് നൽകുകയായിരുന്നു. ബാലാവകാശ കമ്മിഷൻ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധിക്കുന്നതുൾപ്പെടെയുള്ള കാര്യം ഉടൻ തീരുമാനിക്കുമെന്ന് അജിത്ത് അറിയിച്ചു.