■ഹൈക്കോടതി ഉത്തരവും നടപ്പാക്കാതെ അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്തെ 413 സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ളീഷ്
അദ്ധ്യാപകരില്ല.ഇംഗ്ളീഷ് പഠിപ്പിക്കുന്നത് മറ്റ് വിഷയങ്ങളിലെ അദ്ധ്യാപകർ.
എച്ച്.എസ്.ടി ഇംഗ്ളീഷ് തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണിത്.
ഇക്കഴിഞ്ഞ ജൂൺ 15ന് നടന്ന എച്ച്.എസ്.ടി ഇംഗ്ളീഷ് പരീക്ഷ സംസ്ഥാനത്തൊട്ടാകെ 14036 പേർ എഴുതിയിരുന്നു.2021-22 വർഷത്തിൽ എല്ലാ ഹൈസ്കൂളിലും
ഇംഗ്ളീഷ് അദ്ധ്യാപകരുടെ തസ്തിക അനുവദിച്ച് നിയമനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പിലായില്ല.
ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇംഗ്ളീഷ് ബിരുദമെടുത്തവർ തന്നെ ഇംഗ്ളീഷ് അദ്ധ്യാപകരാകണമെന്ന ചട്ടം വന്നത്. അന്ന് പല സ്കൂളിലും അത് നടപ്പാകാത്തതിനെ തുടർന്ന് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഇംഗ്ളീഷ് ബിരുദധാരികൾ വീണ്ടും അപേക്ഷ നൽകി. തുടർന്ന് ഇംഗ്ളീഷിനെ ഭാഷയ്ക്ക്
പകരം വിഷയമായി ഉൾപ്പെടുത്തി ഹൈസ്കൂളുകളിൽ എസ്.എച്ച്.എ കേഡർ രൂപീകരിച്ച് സയൻസ്- സോഷ്യൽ- ഗണിതം - ഇംഗ്ളീഷ് എന്നാക്കി. സബ്ജക്ടിൽ നാല് ഒഴിവു വന്നാലേ ഇംഗ്ളീഷ് അദ്ധ്യാപക നിയമനം നടക്കൂ എന്ന സ്ഥിതിയായി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇംഗ്ളീഷ് അദ്ധ്യാപകരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം സമിതിയെ നിയോഗിച്ചെങ്കിലും, തുടർ നടപടികൾ ഇനിയും പൂർത്തിയായില്ല.
.