
ആറ്റിങ്ങൽ: ആറ്റിങ്ങലിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഫലം കണ്ടു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ. സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം സെപ്തംബർ 1ന് വൈകിട്ട് 5ന് മന്ത്രി വി. അബ്ദു റഹ്മാൻ നിർവഹിക്കും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.അടൂർ പ്രകാശ് എം.പി മുഖ്യ അതിഥിയായിരിക്കും. നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, കായിക യുവജന മന്ത്രാലയം ഡയറക്ടർ പ്രേംകൃഷ്ണൻ. എസ്, ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ്. എ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, തുളസീധരൻ പിള്ള, എസ്.രാജീവ്, വി. സുനിൽകുമാർ, എം.ആർ. രഞ്ജിത്, കെ. റഫീക്, കൃഷ്ണൻ. ബി, ഗിരിജ, സുധർമ്മ, സുധീർ എസ്.എസ് എന്നിവർ സംസാരിക്കും.
സ്റ്റേഡിയം റെഡി...
കായികവകുപ്പിന്റെ 9 കോടി ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഫുട്ബാൾ മൈതാനവും 400 മീറ്റർ സിന്തറ്റിക് ട്രാക്കും ജിംനേഷ്യവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഏറ്റവും ആധുനികസൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് ശ്രീപാദം. ആധുനിക രീതിയിലുള്ള ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നേരത്തേ നടന്നിരുന്നു. സ്പോർട്സ് വിഭാഗങ്ങളായ ജാവലിൻ, ഹാമർ, ഷോട്പുട്ട്, പോൾവാട്ട്, ഹൈജമ്പ്, ലോംഗ്ജമ്പ്, ട്രിപ്പിൾചെയ്‌സ് തുടങ്ങിയ മത്സരങ്ങൾ നടത്താനുള്ള സജ്ജീകരണങ്ങളും ഇവിടെ സജ്ജമായിട്ടുണ്ട്.