വിഴിഞ്ഞം: വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രോഗിയുമായി എത്തിയയാൾ ആക്രമണം നടത്തിയതായി പരാതി. ഞായറാഴ്ച രാത്രി 7ഓടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ് അബോധാവസ്ഥയിൽ എത്തിച്ച രോഗിക്ക് ട്രോളി ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ട്രോളി ആവശ്യപ്പെട്ട സമയത്ത് അതിൽ ഒരു മൃതദേഹമുണ്ടെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിച്ചെങ്കിലും ഒപ്പമെത്തിയയാൾ ബഹളം വയ്ക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. പരിക്കേറ്റ രോഗിയുമായി എത്തിയ ഓട്ടോ ഡ്രൈവറാണ് അസഭ്യം പറയുകയും വീൽചെയർ എടുത്ത് എറിയുകയും ചെയ്തുവെന്നാണ് പരാതി. ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ എത്തിയ രോഗിയെ പരിശോധിച്ചശേഷം ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലക്ക് റഫർ ചെയ്തുവെന്ന് ഡോക്ടർ പറഞ്ഞു. കോവളം പൊലീസിൽ പരാതി നൽകി.