rajsn

വെമ്പായം: മൂത്രാശയത്തിലെ കാൻസറിനെ തുടർന്ന് മദ്ധ്യവയസ്കൻ ചികിത്സാ സഹായം തേടുന്നു. പിരപ്പൻകോട് കൈതറ ആർ.എസ് നിവാസിൽ രാജനാണ് (52) സുമനസുകളുടെ സഹായം തേടുന്നത്. രണ്ട് വർഷം മുൻപാണ് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ആർ.സി.സിയിലും ചികിത്സ തേടിയെങ്കിലും മൂത്രശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കൃത്രിമമായി വയ്ക്കുക മാത്രമാണ് പ്രതിവിധിയെന്ന് കണ്ടെത്തി. തുടർന്ന് സുമനസുകളുടെ സഹായത്താലും പുരയിടവും വീടും ലോൺ വച്ചും സർജറി നടത്തി.

കൂലിവേല ചെയ്താണ് രാജൻ കുടുംബം നോക്കിയിരുന്നത്. രാജന് സുഖമില്ലാതായതോടുകൂടി ആ വരുമാനവും നിലച്ചു. രാജന് കാൻസർ ബാധിച്ചതോടെ ഭാര്യ സജിതകുമാരി കൂലി വേലയ്ക്ക് പോയെങ്കിലും ഒരപകടത്തെ തുടർന്ന് കാൽ ഒടിഞ്ഞ് ഇപ്പോൾ ചികിത്സയിലാണ്.

ചികിത്സയ്ക്കും മരുന്നിനും തന്നെ നല്ലൊരു തുക ആവശ്യമാണ്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുള്ള ഈ കുടുംബം, രാജന്റെ ചികിത്സ, വീട്ടു ചെലവ് ഒന്നിനും ഒരു വഴി കാണാതെ വിഷമിക്കുകയാണ്. സുമനസുകളുടെ സഹായത്തിനായി സരിതയുടെ പേരിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്. ബാങ്ക് ബ്രാഞ്ച്: വെഞ്ഞാറമൂട്. അക്കൗണ്ട് നമ്പർ: 14220100156635.IFSC: FDRL0001422.