
തിരുവനന്തപുരം: കശുഅണ്ടി തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകുന്നതിന് തീരുമാനമായി. ബോണസ് അഡ്വാൻസ് കുറച്ചുള്ള ബോണസ് തുക 2023 ജനുവരി 31ന് മുമ്പ് നൽകും. ഈ വർഷം ലഭ്യമാകുന്ന ബോണസ് തുക അഡ്വാൻസായി കൈപ്പറ്റിയ തുകയെക്കാൾ കുറവാണെങ്കിൽ അധിക തുക ഓണം ഇൻസെന്റീവായി കണക്കാക്കും. എന്നാൽ ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് ബോണസ് തുകയിൽ കുറവ് വരുന്നതെങ്കിൽ ശമ്പളത്തിൽ നിന്നു തിരികെ പിടിക്കും. കശുഅണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി സെപ്തംബർ മൂന്നിനകം നൽകും. ജൂലായ് മാസത്തെ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്വാൻസ് ബോണസ് നിർണയിക്കുക. ജൂലായ് 31 വരെ 75 ശതമാനം ഹാജർ ഉള്ളവർക്ക് മുഴുവൻ തുകയും മറ്റുള്ളവർക്ക് ആനുപാതികമായും അഡ്വാൻസ് ബോണസ് അനുവദിക്കും.