തിരുവനന്തപുരം: 'ലെവൽക്രോസ് ഇല്ലാത്ത കേരളം" പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ വടുതല, വാത്തുരുത്തി, അറ്റ്ലാന്റിസ് റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതെന്ന് മന്ത്റി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മൂന്ന് മേൽപ്പാലങ്ങളും നിർമ്മിക്കുന്നത് കിഫ്ബി ധനസഹായത്തോടെ ആർ.ബി.ഡി.സി.കെയാണ്. വടുതലയ്ക്കായി 47.72 കോടി രൂപയും അറ്റ്ലാന്റിസിനായി 89.77 കോടി രൂപയും കിഫ് ബി അനുവദിച്ചു. രണ്ടു പദ്ധതികളിലും സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നുവെന്നും ടി.ജെ. വിനോദിന്റെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു.
വടുതല മേൽപ്പാലത്തിന്റെ സർവേ സബ് ഡിവിഷൻ, ആർ.ആർ പാക്കേജ് തയ്യാറാക്കൽ, വിലനിർണയ റിപ്പോർട്ട് തയ്യാറാക്കൽ, കെട്ടിട വാല്യുവേഷനുള്ള റിപ്പോർട്ട് എന്നിവ പുരോഗമിക്കുന്നു. ഇവ സമയബന്ധിതമായി പൂർത്തിയാക്കും. പദ്ധതിയുടെ ജി.എ.ഡിക്ക് റെയിൽവേ അംഗീകാരം ലഭിച്ചിട്ടുണ്ട്.
അറ്റ്ലാന്റിസ് റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. നേരത്തെ കോർപ്പറേഷൻ ഏറ്റെടുത്ത ഭൂമി കൈമാറുന്നതിനുള്ള പ്രമേയവും കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ജി.എ.ഡി റെയിൽവേ നിർദ്ദേശിച്ച മാറ്റങ്ങളോടെ അംഗീകാരത്തിനായി വീണ്ടും സമർപ്പിച്ചിട്ടുണ്ട്. വാത്തുരുത്തി മേൽപ്പാലത്തിന് ആവശ്യമായ ഭൂമി ദേശീയ പാത, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി എന്നിവയുടെ നിയന്ത്റണത്തിലുള്ളതാണെന്നും മന്ത്റി പറഞ്ഞു.
പദ്ധതി പ്രദേശം നേവി എയർപോർട്ടിനു സമീപം ആയതിനാൽ നേവിയുടെ എതിർപ്പില്ലാ രേഖ ആവശ്യമാണ്. ഭൂമി വിട്ടു കിട്ടുന്നതിനും എതിർപ്പില്ലാ രേഖ ലഭിക്കുന്നതിനുമുള്ള ശ്രമം തുടരുന്നു. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മന്ത്റി അറിയിച്ചു.