തിരുവനന്തപുരം: പിറവം മണ്ഡലത്തിൽ നിർമാണം നടക്കുന്ന പെരുവാമുഴി പിറവം റോഡിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നെന്ന പരാതി ഉയർന്നിട്ടുണ്ടെന്ന് മന്ത്റി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൺസ്ട്രക്ഷൻ സൂപ്പർ വിഷൻ കൺസൾട്ടന്റ്, പ്രോജക്ട് മാനേജ്‌മെന്റ് ടീം, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി സ്ഥല സന്ദർശനം നടത്തി അപാകതകൾ പരിഹരിക്കാനാണ് നിർദ്ദേശിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്താമെന്ന് അനൂപ് ജേക്കബിന്റെ സബ്മിഷന് മന്ത്റി മറുപടി നൽകി.