
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടുദിവസമായി നടന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവ്. ശനിയാഴ്ച എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പലയിടത്തും സി.പി.എം - ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസും ഞായറാഴ്ച പുലർച്ചെയോടെ ജില്ലാ സെക്രട്ടറിയുടെ വീടും ആക്രമിക്കപ്പെട്ടു.
അതേസമയം വഞ്ചിയൂരിൽ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെയും വട്ടിയൂർക്കാവിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. അനൂപ് അടക്കമുള്ള പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. ചിലരെ തിരിച്ചറിഞ്ഞതായും ഉടൻ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു. വട്ടിയൂർക്കാവിലെ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകിട്ട് ഒരാളെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അർദ്ധരാത്രിയോടെ വിട്ടയച്ചു.
പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പൊലീസിന് മുന്നിലായിരുന്നു വഞ്ചിയൂർ കൗൺസിലറെ കൈയേറ്റം ചെയ്‌തെന്നാരോപിച്ചുള്ള അക്രമം. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നാണ് എ.ബി.വി.പിയുടെ ആരോപണം. ആർ.എസ്.എസ് പ്രവർത്തകനായ സുധീഷിനെ പേരൂർക്കട ആശുപത്രിയിൽ മർദ്ദിച്ച സംഭവത്തിലും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് വാദം.
വട്ടിയൂർക്കാവ് ഭാഗത്ത് കൊടിമരങ്ങളും ഓഫീസുകളുമടക്കം അടിച്ചുതകർത്തത് സന്ദർശിക്കാനെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളെ മർദ്ദിച്ചതും സി.പി.എം പ്രാദേശിക നേതാക്കളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സംഘർഷം നടന്നയിടത്തുതന്നെ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിക്കാൻ തീരുമാനിച്ചെങ്കിലും സംഘർഷ സാദ്ധ്യത ഒഴിവാക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്ന് മാറ്റുകയായിരുന്നു.