
വെള്ളറട: കിളിയൂർ ഉണ്ണിമിശിഹാ ദേവാലയത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുള്ളിലവുവിള എസ്.വി സദനത്തിൽ റോയി എന്നിവിളിക്കുന്ന സൈവിനാണ് (28) പിടയിലായത്. തൃശൂരിൽ മറ്റൊരു മോഷണക്കേസിൽ പിടിയിലായി റിമാൻഡിലായിരുന്ന സൈവിനെ കഴിഞ്ഞ ദിവസമാണ് വെള്ളറട പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഏപ്രിലിലാണ് പള്ളിമേടയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷത്തോളം രൂപയും പള്ളി വികാരിയുടെ മൊബൈൽഫോണും കവർന്നത്. വികാരി പുറത്തുപോയ സമയത്ത് പിൻവശത്തെ വാതിൽ തകർത്താണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽഫോണും കവർന്നത്. ഇന്നലെ വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ പള്ളിമേടയിലെത്തിച്ച് തെളിവെടുത്തു. ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.