
തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് താമസസ്ഥലമായ എ.കെ.ജി സെന്ററിന് എതിർ വശത്തുള്ള ചിന്ത ഫ്ളാറ്റിൽ നിന്ന് ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച കോടിയേരിയെ എയർ ആംബുലൻസിൽ ചെന്നൈയിലെത്തിച്ചു. ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും കഴിഞ്ഞ ദിവസമേ തലസ്ഥാനത്തെത്തിയിരുന്ന അപ്പോളോയിൽ നിന്നുള്ള മെഡിക്കൽ സംഘവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ കോടിയേരിയെ രണ്ടുമണിക്ക് അപ്പോളോ ആശുപത്രിയിൽ നാലാമത്തെ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്ന് മുതൽ അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ ആരംഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണാ വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നേതാക്കളായ എം.എ.ബേബി, എ.കെ.ബാലൻ, എം.വിജയകുമാർ,മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ ഇന്നലെ രാവിലെ അദ്ദേഹത്തെ ചിന്ത ഫ്ളാറ്റിൽ സന്ദർശിച്ചിരുന്നു.