
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം മന്ത്രിസഭയിൽ ആരെന്ന് വെള്ളിയാഴ്ച ചേരുന്ന നിർണായകമായ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചേക്കും. വ്യാഴാഴ്ച നിയമസഭാ സമ്മേളനം അവസാനിച്ചാലുടൻ മന്ത്രിസ്ഥാനം എം.വി. ഗോവിന്ദൻ ഒഴിയും. പകരക്കാരനായി എ.എൻ. ഷംസീർ, പി. നന്ദകുമാർ എന്നീ പേരുകളാണ് പ്രധാനമായും ചർച്ചകളിലുയരുന്നത്.
അതേസമയം, മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി ഇപ്പോൾ ഉണ്ടാകില്ലെന്നാണ് സൂചന. സജി ചെറിയാന്റെ ഒഴിവിലേക്ക് തത്കാലം ആരെയും പരിഗണിക്കാനിടയില്ല. സജിയുടെ പേരിൽ തിരുവല്ലയിൽ നിലവിലിരിക്കുന്ന കേസിന്റെ ഗതിയനുസരിച്ചാകും ഭാവി തീരുമാനം. അനുകൂല വിധിയുണ്ടായാൽ സജി ചെറിയാന്റെ തിരിച്ചുവരവാണ് സി.പി.എം ആഗ്രഹിക്കുന്നത്.