
തിരുവനന്തപുരം: ജില്ലയിലെ തീരങ്ങളിൽ പച്ചത്തുരുത്ത് പദ്ധതിയൊരുങ്ങുന്നു. ഹരിത കേരള മിഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അതത് തീരമേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത തീരങ്ങൾ ഒരുക്കുന്നതിനോടൊപ്പം പച്ചത്തുരുത്ത് കൊണ്ട് കടലാക്രമണത്തിൽ നിന്ന് തീരത്തെ ഒരു പരിധി വരെ സംരക്ഷിക്കാം എന്ന ലക്ഷ്യവും ഇതിലൂടെയുണ്ട്. ഇതിനായുള്ള പദ്ധതി തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. തലസ്ഥാനത്താണ് പരീക്ഷണാർത്ഥം പദ്ധതി ആരംഭിക്കുന്നത്. തുടക്കമെന്ന നിലയിൽ തകർന്ന് കിടക്കുന്ന ശംഖുംമുഖം തീരത്താണ് ആദ്യ പദ്ധതി നടപ്പാക്കുന്നത്.
കടലാക്രമണം കൊണ്ട് തകർന്ന ശംഖുംമുഖം തീരം നിലനിറുത്തുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
ഇവിടെ ആരംഭിച്ച് ക്രമേണ മറ്റ് തീരപ്രദേശത്തേക്കും വ്യാപിപ്പിക്കും. നിലവിൽ ശംഖുംമുഖം തീരത്ത് ഇതിനായി മൂന്ന് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ശംഖുംമുഖത്ത് വിമാനത്താവളം അടുത്തുള്ളത് കൊണ്ട് പക്ഷികളെ വലുതായി ആകർഷിക്കാത്തതും വലിയ ഉയരത്തിൽ വളരുന്ന മരങ്ങളും ഒഴിവാക്കിയുമാണ് പച്ചത്തുരുത്ത് നിർമ്മാണം. തീരസംരക്ഷണത്തിന് ഉപയോഗ പ്രദമായ കാറ്റാടി മരങ്ങളും ഇവിടെ നടാൻ ആലോചിക്കുന്നുണ്ട്. കായൽ കരയോരങ്ങളിൽ കണ്ടൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്.
തീരദേശ സംരക്ഷണത്തിന് തീരദേശ പച്ചത്തുരുത്ത്
തൊഴിലുറപ്പ് പദ്ധതി വഴി ചെയ്യുമ്പോൾ കൂടുതൽ തൊഴിൽ ദിനം ലഭ്യമാകും
തീര സംരക്ഷണവും അതിനോടൊപ്പം ഹരിത തീരം എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്
തീരദേശത്തിന് അനുയോജ്യമായ ചെടികളാണ് ഇവിടെ നടുന്നത്
വൃത്തിഹീനമായ തീരങ്ങൾ വ്യത്തിയാക്കി ഈ പദ്ധതി നടപ്പാക്കിയാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തും.
മറ്റ് തീരങ്ങളിൽ കൂടി പദ്ധതി നടപ്പാക്കിയാൽ ടൂറിസത്തിനും വൻ സാദ്ധ്യതയുണ്ട്
ജില്ലയിൽ 60 പച്ചത്തുരുത്തുകൾ കൂടി
ജില്ലയിൽ 60 പച്ചതുരുത്തുകൾ കൂടി നിർമ്മിക്കും. ഗ്രാമപ്രദേശത്ത് 332 പച്ചതുരുത്തുകളുണ്ട്. ഏറ്റവും വലിയ നഗരസഭയായി തിരുവനന്തപുരത്ത് എട്ട് പച്ചത്തുരുത്തുകൾ മാത്രമേ നിലവിലുള്ളൂ. ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ളത് കിളിമാനൂർ ബ്ളോക്കിലും (83) കുറവ് നെടുമങ്ങാട് നഗരസഭ പരിധിയിലുമാണ് (3). ജില്ലയിലെ എട്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പച്ചത്തുരുത്തായ കള്ളിക്കാട് പഞ്ചായത്തിലെ പച്ചത്തുരുത്ത് അവിടുത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്.
പച്ചത്തുരുത്ത്
അര സെന്റ് സ്ഥലത്ത് നിർമ്മിക്കാവുന്ന ചെറുവനങ്ങളാണ് പച്ചതുരുത്ത്. വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി. ഇവിടത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതും പക്ഷികളും ഷഡ്പദങ്ങളുമുൾപ്പെടെയുള്ള ജീവി വർഗങ്ങളുടെ ആവാസവ്യവസ്ഥയായി മാറി ജൈവവൈവിദ്ധ്യം നിലനിറുത്താൻ സഹായകമാകും.