v

ഇന്ത്യയിലെ അക്കാഡമിക് രംഗങ്ങളിൽ ഭരണപരമായ ഒട്ടേറെ മാറ്റങ്ങൾ നടക്കുന്ന കാലമാണിത്. വിദേശരാജ്യങ്ങളിലെ സർവകലാശാലകൾ ആ നാടിന്റെ വികസനത്തിനും പുരോഗതിക്കും നിരന്തരം സംഭാവനകൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രക്രിയയിൽ അവിഭാജ്യമായ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും സ്ഥിതി ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയ ചിട്ടവട്ടങ്ങളിൽനിന്ന് ഇനിയും പൂർണമായും മുക്തമായിട്ടില്ല. അക്കാഡമിക് രംഗത്ത് മാറ്റങ്ങളുടെ ചുക്കാൻപിടിക്കുന്നത് യു.ജി.സിയാണ്. ടെക്നോളജിയുടെ കടന്നുവരവോടെ മാസങ്ങളെടുത്ത് നടപ്പാക്കാൻ കഴിഞ്ഞിരുന്ന പല മാറ്റങ്ങളും ഇപ്പോൾ ഒറ്റക്ളിക്കിലും മറ്റും പരിഹരിക്കാവുന്ന രീതിയിലേക്കു മാറിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ യു.ജി.സി, വിദ്യാർത്ഥികളുടെ പരാതി തീർക്കാൻ ഏകജാലക സംവിധാനം ആരംഭിക്കുന്നത് സ്വാഗതാർഹമാണ്. വിദ്യാർത്ഥികളുടെ മാത്രമല്ല അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പരാതികൾ തീർക്കാനും ഇ - സമാധാൻ എന്ന പുതിയ പോർട്ടൽ ഉപകരിക്കും. ഒറ്റക്ളിക്കിൽ ഒറ്റയിടത്ത് പരാതി നൽകിയാൽ മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരാതികൾ അപ്പപ്പോൾത്തന്നെ യു.ജി.സിയുടെ ശ്രദ്ധയിൽ വരുമെന്നതിനാൽ പരാതികൾ പരിഹരിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഇതിടയാക്കും. വിദ്യാർത്ഥികൾ അതത് സർവകലാശാലകളെ സംബന്ധിച്ച പരാതികൾ നൽകിയാൽ പലതിനും പരിഹാരമുണ്ടാകാൻ ഇപ്പോൾ വളരെ കാലതാമസം ഉണ്ടാകാറുണ്ട്. മാത്രമല്ല യു.ജി.സി നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടാൽ അത് കണ്ടെത്താനും ബുദ്ധിമുട്ടായിരുന്നു. നിലവിൽ ഒരേ പരാതി തന്നെ പലയിടങ്ങളിൽ നൽകേണ്ട അവസ്ഥയാണുള്ളത്. ഇത് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് പരാതി പരിഹരിക്കാൻ ഒറ്റ പോർട്ടൽ നിലവിൽ വരുന്നത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങളും പ്രയാസങ്ങളും കമ്മിഷന്റെ മുൻഗണനാ വിഷയമാണെന്നും പരാതികൾ രജിസ്റ്റർ ചെയ്യാനും നടപടിയെടുക്കാനും പര്യാപ്തമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പോർട്ടൽ പ്രവർത്തിക്കുകയെന്നും യു.ജി.സി വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുതാര്യമായ നടത്തിപ്പ് ഉറപ്പ് വരുത്താൻ ഈ പോർട്ടൽ ഉപകരിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. മെയിൽ ഐഡി, ഫോൺകോൾ, ടോൾഫ്രീ നമ്പർ എന്നിവ മുഖേന പരാതികൾ നൽകാനാവുന്ന സംവിധാനമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പരാതികളിൽ വകുപ്പ് മേധാവികൾ നിശ്ചിതസമയത്തിനുള്ളിൽ തീരുമാനമെടുത്തിരിക്കണം. യു.ജി.സി ഇത് പരിശോധിക്കുകയും ചെയ്യും. ഇതോടൊപ്പം ലഭിച്ച പരാതികളിലെടുത്ത നടപടികൾ സംബന്ധിച്ച് വ്യക്തമാക്കുന്ന ഒരു വെബ്‌സൈറ്റ് കൂടി യു.ജി.സി തുടങ്ങുന്നത് ഉചിതമായിരിക്കും. ഈ വെബ്‌സൈറ്റിലൂടെ തന്നെ വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനും വഴിയൊരുക്കിയാൽ അത് ഏറ്റവും ആധികാരികമായ നടപടിയായി മാറാതിരിക്കില്ല.