
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന്റെ സപ്ളിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. പ്രധാന മൂന്ന് അലോട്ട്മെന്റുകളും 25നുള്ളിൽ പൂർത്തിയാക്കി അതേ ദിവസം തന്നെ പ്ളസ് വൺ ക്ളാസുകൾ തുടങ്ങിയിരുന്നു. മൂന്ന് അലോട്ട്മെന്റിലും പ്രവേശനം ലഭിക്കാത്തവർക്കുള്ള അവസാന അവസരമാണ് സപ്ളിമെന്ററി അലോട്ട്മെന്റ്. ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിച്ചശേഷം അതനുസരിച്ച് വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം. വിശദപരിശോധനകൾക്ക് ശേഷം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്തംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.