തിരുവനന്തപുരം: സംഗീത ആൽബം തയ്യാറാക്കി പാട്ടുകൾ ഇഷ്ടപ്പെടുന്നവരുടെ വാട്സ് ആപ്പ് കൂട്ടായ്മ. 'രവീന്ദ്ര സംഗീതം' എന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് ഉത്രാട നാളിൽ 'എൻ ശ്രാവണമേ' എന്ന സംഗീത ആൽബം യുട്യൂബിലൂടെ പുറത്തിറക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഗ്രൂപ്പ് അഡ്മിൻ വിനോദ് വാസുദേവനാണ്. സംഗീതം: സുരേഷ് അയിരൂർ, ആലാപനം: സുരേഷ് അയിരൂരും, ഹർഷ വിക്രമനും.
ആൽബം സംവിധാനം ചെയ്തിരിക്കുന്നത് അനന്തൻ കടയ്ക്കലാണ്. ഓർക്കസ്ട്രേഷൻ: പുനലൂർ മുരളി, സ്റ്റുഡിയോ: സേറ മീഡിയ, റെക്കോഡിസ്റ്റ്: കുന്നിലേത്ത്, കോ ഓർഡിനേറ്റർ: സന്തോഷ് ഗോപാൽ. ഉത്രാട ദിനത്തിൽ യുട്യൂബിലൂടെ ആൽബം റിലീസ് ചെയ്യും. ഇക്കഴിഞ്ഞ നവംബർ ഏഴിന് ആരംഭിച്ച ഗ്രൂപ്പിൽ പാട്ട് പഠിക്കാത്തവരും എന്നാൽ, മികച്ച ആസ്വാദകരുമാണ് ഭൂരിപക്ഷവും. ഒരു മാസം മുൻപ് ഗ്രൂപ്പംഗങ്ങളെ സജീവമാക്കുന്നതിനായി ഒരു പാട്ടുമത്സരം നടത്തി. അതിനു പിന്നാലെയാണ് ഇത്തരമൊരു ആശയത്തിലെത്തിയതെന്ന് വിനോദ് വാസുദേവൻ പറഞ്ഞു.