തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ സുരക്ഷാ പരിശോധന കർശനമാക്കി ഫയർഫോഴ്സ്. നാല് സ്റ്റേഷനുകൾ സംയുക്തമായി നടത്തുന്ന പരിശോധനയിൽ സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അപകടമുണ്ടായാൽ കെട്ടിടത്തിന് പുറത്തുകടക്കാനുള്ള സംവിധാനം കൃത്യമായി പരിപാലിക്കാനും തീപിടിത്തമുണ്ടായാൽ തിരിച്ചറിയുന്നതിനും നേരിടുന്നതിനും ആവശ്യമായ ഫയർസിസ്റ്റം പ്രവർത്തനക്ഷമമാക്കണമെന്നും മുന്നറയിപ്പ് നൽകി.

സ്ഥാപനങ്ങളിലെ അഗ്നിശമന ഉപകരണങ്ങളുടെ ക്ഷമതയും പരിശോധിച്ചു. തിരക്കേറിയ മാളുകൾ, ഷോപ്പുകൾ. ടെക്‌സ്റ്റൈൽസുകൾ, ജുവലറികൾ,വിനോദ സഞ്ചാര കേന്ദ്രങ്ങൾ,സിനിമ തിയേറ്ററുകൾ തുടങ്ങിയിടങ്ങളിലാണ് പരിശോധന. ജില്ലാ ഫയർ ഓഫീസർ സൂരജിന്റെ നിർദ്ദേശപ്രകാരം കഴക്കൂട്ടം സ്റ്റേഷൻ ഓഫീസർ ഗോപകുമാർ,ചാക്ക എസ്.എച്ച്.ഒ സജിത് എസ്.ടി, ചെങ്കൽച്ചൂള എസ്.എച്ച്.ഒ നിധിൻരാജ്, വിഴിഞ്ഞം എസ്.എച്ച്.ഒ അജയ് ടി.കെ എന്നിവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. നഗരത്തിലെ നൂറിലേറെ വരുന്ന ആക്രിക്കടകളിലും പരിശോധന കർശനമാക്കി. നഗരത്തിൽ പൊലീസിന്റേതിന് സമാനമായ പട്രോളിംഗും ആരംഭിച്ചതായും വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും ജില്ലാ ഫയർ ഓഫീസർ സൂരജ് പറഞ്ഞു.

ഫയർ ഹൈഡ്രന്റുകൾ പരിമിതം

ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച ചുരുക്കം ചില ഹൈഡ്രന്റുകൾ നഗരത്തിലുണ്ടെങ്കിലും ഇവ പ്രവർത്തന സജ്ജമല്ല. ഫയർഫോഴ്സിന്റെ ആവശ്യപ്രകാരം നഗരത്തിലെ ചിലയിടങ്ങളിൽ വാട്ടർ അതോറിട്ടി അധികൃതർ ചുരുക്കം ഹൈഡ്രറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പോരെന്നാണ് ഫയർഫോഴ്സ് പറയുന്നത്.

എന്താണ് ഫയർഹൈഡ്രന്റ്

തീ കെടുത്താനാവശ്യമായ വെള്ളം പമ്പ് ചെയ്യുന്ന കൂറ്റൻ പൈപ്പും വാൽവും ഉൾപ്പെടെയുള്ള സംവിധാനമാണിത്. വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ നഗരത്തിലെ ഏതെങ്കിലും ജലസ്രോതസുകളിൽ നിന്നോ ആകും ഇതിനാവശ്യമായ വെള്ളം ലഭ്യമാക്കുക. ഫയർഫോഴ്സിന്റെ ഹോസ് കണക്ട് ചെയ്‌ത് വാൽവ് തുറന്നാൽ ആവശ്യമുള്ള സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാനും തീപിടിത്തം അതിവേഗം നിയന്ത്രിക്കാനും കഴിയും.

നോട്ടീസ് നൽകൽ

ആക്രിക്കടകൾ മുതൽ നഗരത്തിലെ പ്രമുഖ കടകൾക്ക് വരെ അഗ്നിസുരക്ഷ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലെന്നാണ് സൂചന. ഇവർക്കൊക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശത്തിൽ നോട്ടീസ് നൽകാൻ മാത്രമേ സേനയ്‌ക്ക് കഴിയൂ. പിഴയടക്കമുള്ള മറ്റുനടപടികൾ സ്വീകരിക്കാനാവില്ല.