
തിരുവനന്തപുരം: കേരള സർവകലാശാല നേരിട്ട് നടത്തുന്ന ബി.എഡ് സെന്ററുകളിൽ മാനേജ്മെന്റ് ക്വോട്ട സീറ്റുകൾ തുടങ്ങുന്നതോടെ, ആകെയുള്ള സംവരണ സീറ്റുകൾ നൂറായി കുറയും. നിലവിലെ 10 സെന്ററുകളിലുള്ള 500 സീറ്റുകളിൽ 200 സീറ്റുകൾ സംവരണ വിഭാഗങ്ങൾക്ക് നീക്കിവച്ചിരുന്നതാണ്.
പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്കാവും ഏറ്റവും കൂടുതൽ നഷ്ടം. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കമുള്ളവർക്കുള്ള സംവരണവും മാനേജ്മെന്റ് സീറ്റിലുണ്ടാവില്ല. പട്ടിക വിഭാഗക്കാർക്കും മാനേജ്മെന്റ് ക്വോട്ടയിൽ ഫീസ് ആനുകൂല്യത്തിനോ, വിദ്യാഭ്യാസ ഗ്രാന്റിനോ അർഹതയുണ്ടാവില്ല. ഓപ്പൺ സർവകലാശാല വരുന്നതോടെ വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള വരുമാനം കുറയുന്നത് പരിഗണിച്ചാണ് മാനേജ്മെന്റ് ക്വോട്ട സീറ്റുകൾ ആരംഭിക്കുന്നത്. നിലവിൽ എല്ലാ സീറ്റിലും ഒരേ ഫീസായിരുന്നു. മാനേജ്മെന്റ് ക്വോട്ടയിൽ 55000 രൂപയും, ശേഷിക്കുന്നവയിൽ 35000 രൂപയുമാണ് പുതിയ ഫീസ്.